NewMETV logo

ജാ​ഗ്രത!കൊറോണ വൈറസ് 28 ദിവസം വരെ ഫോണിന്‍റെയും നോട്ടിന്‍റെയും ഉപരിതലത്തില്‍ നിൽക്കും

 
ജാ​ഗ്രത!കൊറോണ വൈറസ് 28 ദിവസം വരെ ഫോണിന്‍റെയും നോട്ടിന്‍റെയും ഉപരിതലത്തില്‍ നിൽക്കും

ബ്രിസ്‌ബെയ്ന്‍: ഓസ്‌ട്രേലിയയിലെ നാഷണല്‍ സയന്‍സ് ഏജന്‍സി (സിഎസ്‌ഐആര്‍ഒ) യുടെ പഠനത്തിൽ ബാങ്ക് നോട്ടുകള്‍, ഫോണ്‍ തുടങ്ങിയ വസ്തുക്കളില്‍ കൊറോണ വൈറസ് 28 ദിവസം വരെ നിലനില്‍ക്കാന്‍ സാധിക്കുമെന്ന് കണ്ടെത്തി. കൊറോണ വൈറസിന് ഒരു വസ്തുവിന്റെ ഉപരിതലത്തില്‍ എത്രനേരം നിലനില്‍ക്കാന്‍ സാധിക്കും എന്നറിയുന്നതിന് വേണ്ടി സിഎസ്‌ഐആര്‍ഒയിലെ ഗവേഷകര്‍ ഇരുട്ടില്‍ മൂന്നുതാപനിലകളിലാണ് പരീക്ഷണം നടത്തിയത്. ചൂട് കൂടുന്നതിന് അനുസരിച്ച് വൈറസിന്റെ അതിജീവന നിരക്ക് കുറഞ്ഞുവരുന്നതായും ഗവേഷകര്‍ പറയുന്നു.

മൊബൈല്‍ ഫോണ്‍ സ്‌ക്രീന്‍ ഗ്ലാസ്, സ്റ്റീല്‍, പ്ലാസ്റ്റിക്, ബാങ്ക് നോട്ടുകള്‍ തുടങ്ങിയവയുടെ ഉപരിതലത്തില്‍ 20 ഡിഗ്രി സെല്‍ഷ്യസില്‍ വൈറസ് 28 ദിവസം വരെ നിലനില്‍ക്കും. 30 ഡിഗ്രി സെല്‍ഷ്യസിലെത്തിയാല്‍ വൈറസിന്റെ അതിജീവനം ഏഴുദിവസമായും 40 ഡിഗ്രി സെല്‍ഷ്യസില്‍ അത് 24 മണിക്കൂര്‍ ആയും ചുരുങ്ങും. കോട്ടണ്‍ പോലുളള വസ്തുക്കളുടെ പ്രതലങ്ങളില്‍ വൈറസ് അനുകൂല താപനിലയില്‍ 14 ദിവസം വരെ നിലനില്‍ക്കുമ്പോള്‍ ചൂടുകൂടുന്നതിന് അനുസരിച്ച് ഇത് 16 മണിക്കൂറിലേക്ക് കുറയുകയും ചെയ്യും. മുന്‍ പഠനങ്ങളില്‍ വൈറസിന് ഇത്ര ദീര്‍ഘകാലത്തേക്ക് അതിജീവിക്കാന്‍ സാധിക്കുമെന്ന് കണ്ടെത്തിയിരുന്നില്ല.

ഇങ്ങനെ നിൽക്കുന്ന വൈറസ് അണുബാധയുണ്ടാകുന്നതിന് കാരണമാകുമെന്ന് പറയാനാവില്ലെങ്കിലും  ഈ വസ്തുക്കളെ അശ്രദ്ധയോടെ കൈകാര്യം ചെയ്യുകയും അവയെ സ്പര്‍ശിച്ച ശേഷം കണ്ണുകളിലോ, മൂക്കിലോ, വായിലോ അതേ കൈകള്‍ കൊണ്ട് സ്പര്‍ശിക്കുകയും ചെയ്താല്‍ വൈറസ് ബാധയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഓസ്‌ട്രേലിയൻ സെന്റര്‍ ഫോര്‍ ഡീസിസസ് പ്രിപ്പയേഡ്‌നെസ്സ് ഡയറക്ടര്‍ ട്രെവര്‍ ഡ്ര്യൂ പറഞ്ഞു .മഹാമാരിയുടെ ഏറ്റവും ഉയര്‍ന്ന നിലയെ പ്രതിനിധീകരിക്കുന്ന നിരക്കില്‍ വൈറസിനെ ഉപയോഗിച്ചാണ് പഠനം നടത്തിയത്.  വൈറസിനെ അതിവേഗം നശിപ്പിക്കുന്ന അള്‍ട്രാവയലറ്റ് പ്രകാശം ഏല്‍പ്പിക്കാതെയാണ് പരീക്ഷണം നടത്തിയതെന്നും ഡ്ര്യൂ പറഞ്ഞു. ആര്‍ദ്രത അമ്പതുശതമാനത്തില്‍ നിലനിര്‍ത്തിക്കൊണ്ടായിരുന്നു പരീക്ഷണം. ആര്‍ദ്രത വര്‍ധിക്കും തോറും വൈറസിന്റെ അതിജീവനശേഷി കുറയുമെന്നും കണ്ടെത്തിയിട്ടുണ്ട്. 

From around the web

Pravasi
Trending Videos