ശരീരഭാരം കുറയ്ക്കാൻ വിനോദ് ബജാജ് നടന്നത് ഭൂമിയുടെ ചുറ്റളവ് ദൂരം

ലണ്ടന്‍:നാല്‍പത് കൊല്ലമായി അയര്‍ലന്‍ഡിൽ താമസിക്കുന്ന
ഇന്ത്യക്കാരനായ റിട്ടയേഡ് എന്‍ജിനീയറും ബിസിനസ് കണ്‍സള്‍ട്ടന്റുമായിരുന്ന വിനോദ് ബജാജ് ശരീരഭാരം കുറയ്ക്കാന്‍ നടന്നു തുടങ്ങിയത് ഭൂമിയുടെ ചുറ്റളവിന് സമാനമായ ദൂരം. 40,075 കിലോ മീറ്റർ 1,500-ഓളം ദിവസം കൊണ്ട് നടന്നു തീര്‍ത്ത ശേഷം ഗിന്നസ് ലോക റെക്കോഡിന് അപേക്ഷ നല്‍കി കാത്തിരിക്കുകയാണ് വിനോദ് ബജാജ് എന്ന എഴുപതുകാരന്‍ .
2016 ഓഗസ്റ്റിലാണ് ഇദ്ദേഹം നടപ്പ് ഒരു ശീലമാക്കിയത്. ഭാരം കുറയാന്‍ തുടങ്ങിയതോടെ നടക്കാനുള്ള ആവേശവും വര്‍ധിച്ചു. നടപ്പിന്റെ റൂട്ടുകള്‍ മാറി. മാളുകള്‍ക്കുള്ളിലൂടെ വരെ നടപ്പ് നീണ്ടു. പക്ഷെ, താമസിക്കുന്ന ലൈംറിക്കിനുള്ളില്‍ തന്നെയായിരുന്നു ഇത്രയും ദൂരം നടന്നത്. ആദ്യത്തെ മൂന്ന് മാസത്തെ നടപ്പിനൊടുവില്‍ എട്ട് കിലോയും അടുത്ത ആറ് മാസത്തില്‍ 12 കിലോയും കുറവ് വന്നു.
രണ്ട് ഇടവേളകളിലായാണ് ഇദ്ദേഹത്തിന്റെ നടപ്പ്. നന്നേ രാവിലെ തന്നെ ആരംഭിക്കുന്ന നടപ്പിന്റെ ആദ്യഭാഗം താരതമ്യേന കൂടുതല്‍ ദൈര്‍ഘ്യമുള്ളതായിരിക്കും. ചിലപ്പോഴെക്കെ ഇടവേളയില്ലാതെയും തുടരുന്ന നടപ്പ് ഉച്ചയ്ക്ക് മുമ്പായി അവസാനിക്കും. നടപ്പിനിടെ ബാങ്കിടപാട്, ഷോപ്പിങ്, വീട്ടിലെയും പൂന്തോട്ടത്തിലേയും പണികള്‍ എന്നിവയും നടപ്പിലാക്കും. ഭക്ഷണശീലത്തില്‍ വലിയ മാറ്റമൊന്നും വരുത്താത്തതിനാല്‍ ഈ നടപ്പാണ് ഭാരം കുറയ്ക്കാന്‍ സഹായിച്ചതെന്ന് വിനോദ് പറയുന്നു.
തന്റെ ഫോണില്‍ പേസര്‍ ആക്ടിവിറ്റി ട്രാക്കറും ഇദ്ദേഹം ഡൗണ്‍ലോഡ് ചെയ്തത് ചുവടുകളുടെ കൃത്യമായ എണ്ണമെടുക്കാന്‍ വിനോദിനെ സഹായിച്ചു. ആദ്യത്തെ വര്‍ഷം 7,600 കിലോ മീറ്റര്‍ നടന്ന വിനോദ് താന്‍ ഇന്ത്യയില്‍ നിന്ന് അയര്‍ലന്‍ഡിലേക്കുള്ള ദൂരമാണ് നടന്നു തീര്‍ത്തതെന്ന് തിരിച്ചറിഞ്ഞ് ആശ്ചര്യപ്പെട്ടു. രണ്ടാമത്തെ കൊല്ലം നടന്ന ദൂരവും ചേര്‍ത്തപ്പോള്‍ ചന്ദ്രന്റെ ചുറ്റളവിനേക്കാള്‍ അധികമായി. 15,200 കിലോ മീറ്റര്‍(ചന്ദന്റെ ചുറ്റളവ് 10,921 കിലോമീറ്റര്‍ ആണ്).
വിനോദിന്റെ റെക്കോഡിനായുള്ള അപേക്ഷയില്‍ ഗിന്നസ് വേള്‍ഡ് റെക്കോഡ് നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. ഭാര്യയ്ക്കും മക്കള്‍ക്കും തന്റെയീ നടപ്പിലത്ര താത്പര്യമില്ലെന്നും ഇനിയെങ്കിലും ഇതിലല്‍പം കുറവ് വരുത്തുമെന്നാണ് അവരുടെ വിശ്വാസമെന്നും വിനോദ് തമാശരൂപേണ പറയുന്നു. നടപ്പിനായി കൊല്ലത്തില്‍ മൂന്ന് ജോടി വീതം 12 ജോടി ഷൂ വാങ്ങി. നടപ്പ് ശീലമാക്കുമ്പോള്‍ ഗുണനിലവാരമുള്ള ഷൂവും സോക്‌സും വാങ്ങുന്നതാണുത്തമെന്ന് ഇദ്ദേഹം ഓര്‍മിപ്പിക്കുന്നു.
നീണ്ട നടപ്പുകളില്‍ ഐറിഷ് പ്രാദേശികവാര്‍ത്തകളും ലോകവാര്‍ത്തകളുമാണ് വിനോദിന് ആകെയുള്ള കൂട്ട്. ഒറ്റയ്ക്കുള്ള നടപ്പ് വിരസമാണെന്നും അതിനാല്‍ പാട്ടുകളോ പോഡ്കാസ്റ്റുകളോ കേള്‍ക്കുന്നതും നടക്കാന്‍ പോകുമ്പോള്‍ ഒരു കുട കരുതുന്നതും ഏറെ നല്ലതാണെന്നും നടപ്പിനോട് താത്പര്യമുള്ളവരോട് വിനോദ് പറയുന്നു. പഞ്ചാബിലായിരുന്നു വിനോദ് ജനിച്ചതെങ്കിലും വളര്‍ന്നത് ചെന്നൈയിലായിരുന്നു. മാനേജ്‌മെന്റില്‍ ബിരുദാനന്തര ബിരുദപഠനത്തിനായി 1975-ല്‍ സ്‌കോട്ട്‌ലന്‍ഡിലേക്ക് പോയ ഇദ്ദേഹം പിന്നീട് ജോലിസംബന്ധമായി അയര്‍ലന്‍ഡിലെത്തി. 43 കൊല്ലമായി കുടുംബവുമൊത്ത് അയര്‍ലന്‍ഡിലാണ് താമസം.