യാത്രികർക്ക് വായന ശീലമാക്കാൻ അവസരം ഒരുക്കി ദുബൈ ആർ ടി എ

പൊതുഗതാത സംവിധാനങ്ങൾ സ്ഥിരമായി ഉപയോഗിക്കുന്ന ദുബൈ യാത്രികർക്ക് വായന ശീലമാക്കാൻ അവസരം ഒരുക്കി അധികൃതർ. യു.എ.ഇ വായന മാസാചാരണത്തോടനുബന്ധിച്ചാണ് ദുബൈ റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി ചലഞ്ച് ഏർപ്പെടുത്തുന്നത്. വായന ശീലമാക്കുന്ന യാത്രക്കാർക്ക് രണ്ടു മില്യൺ നോൽ പ്ലസ് പോയിന്‍റുകളാണ് സമ്മാനം.
വായന മാസം അടയാളപ്പെടുത്തുന്നതിന് ആർ.ടി.എയുടെ റീഡ് വിത്ത് ആർ.ടി.എ മൊബൈൽ ആപ്പ് പരിഷ്കരിച്ചിട്ടുണ്ട്. നവീകരിച്ച എഡിഷനിൽ 600ൽപരം പുതിയ ഇ-പബ്ലിക്കേഷൻ ഉള്ളടക്കങ്ങൾ, അറബി-ഇംഗ്ലീഷ് ഭാഷകളിലുള്ള ഓൺലൈൻ പുസ്തകങ്ങൾ, ഓഡിയോ ബുക്സ്, വീഡിയോകൾ, മറ്റു ലേഖനങ്ങൾ എന്നിവയും ഉൾപ്പെടുത്തി. ആർടിഎ പുറത്തിറക്കുന്ന അൽ മസാർ മാഗസിൻ, സലാമ മാഗസിൻ എന്നിവയുൾപെടെ എല്ലാവിധ പ്രസിദ്ധീകരണങ്ങളിലേക്കും ഓൺലൈനായി ആപ്പ് വഴി പ്രവേശിക്കാനാവും. നിരവധി പത്രങ്ങളും മാസികകളും വായിക്കാൻ വായനക്കാരെ പ്രാപ്തരാക്കുന്നതിനായി ഓൺലൈൻ ലിങ്കും ഉൾപ്പെടുത്തിയിട്ടുണ്ട്. വായനക്കാർക്ക് രണ്ട് ദശലക്ഷം നോൾ പ്ലസ് പോയിന്‍റുകളാണ് സമ്മാനമായി ലഭിക്കുക. ഇതു പണമാക്കി മാറ്റി നോൾ കാർഡ് റീചാർജ് ചെയ്യാം.