ദുബായ് എക്സ്പോയ്ക്ക് നാളെ തിരിതെളിയും

ദുബായ്∙ അത്യപൂർവ വിസ്മയങ്ങൾ കാഴ്ചവയ്ക്കാൻ ഒരുക്കങ്ങൾ പൂർത്തിയാക്കിയ ദുബായ് എക്സ്പോ 2020 നാളെ തുടങ്ങുന്നു.ലോകം കാത്തിരിക്കുന്ന എക്‌സ്‌പോ 2020 യുടെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. സാങ്കേതിക വിദ്യകളുടെ വിസ്മയങ്ങളും, കലാപ്രകടനങ്ങളുടെ വര്‍ണ്ണരാചികളും, സംഗീതത്തിന്റെ അലകളും നിറയുന്ന ഉദ്ഘാടന പരിപാടിക്കുശേഷം അപൂര്‍വ്വ ദൃശ്യ, ശ്രാവ്യ അനുഭവമാകും ലോകം അനുഭവിച്ചറിയുക.
ഇന്ത്യ ഉൾപ്പെടെ 192 രാജ്യങ്ങൾ പങ്കെടുക്കുന്ന മഹാമേള 2022 മാർച്ച് 31വരെ തുടരും. ദുബായിൽ നാലര കിലോമീറ്റർ ചുറ്റളവിൽ സജ്ജമാക്കിയിരിക്കുന്ന എക്സ്പോ ഗ്രാമത്തിലെ പ്രധാനവേദിയിൽ ഉദ്ഘാടന പരിപാടികൾ ഇന്നു രാത്രി 7.30ന് ആരംഭിക്കും. നൃത്ത-സംഗീത സാന്ദ്രമായ ഒന്നരമണിക്കൂർ പരിപാടിയിൽ ഇന്ത്യയിൽ നിന്നുൾപ്പെടെ ആയിരത്തിലേറെ കലാകാരന്മാർ അണിനിരക്കും. 360 ഡിഗ്രിയിൽ കാഴ്ചകൾ തെളിയുന്ന ലോകത്തെ ഏറ്റവും വലിയ കുംഭ ഗോപുരമാണു മുഖ്യവേദിയായ അൽ വാസൽ പ്ലാസയിൽ തയാറാക്കിയിട്ടുള്ളത്. ക്ഷണിക്കപ്പെട്ടവർക്കു മാത്രമാണ് പ്രവേശനമെങ്കിലും virtualexpo.world, Expo 2020 TV യിൽ ലോകം മുഴുവൻ ലൈവ് ആയി കാണാൻ സൗകര്യമൊരുക്കിയിട്ടുണ്ട്.
വ്യാഴം രാത്രി തുടങ്ങുന്ന ഉദ്ഘാടന പരിപാടിക്ക് രാവിലെ മുതല്‍ ഒരുക്കങ്ങള്‍ സജീവമാക്കും. വൈകീട്ട് ആറിന് ലൈന്‍ അപ് തുടങ്ങും. എട്ട് മണിയോടെ വിശിഷ്ടാതിഥികള്‍ വേദിയിലെത്തും. രാത്രി പത്ത് മണി വരെയാണ് ചടങ്ങുകള്‍. നേരത്തെ ടിക്കറ്റെടുത്തവരില്‍നിന്ന് തിരഞ്ഞെടുത്തവര്‍ക്കും പങ്കെടുക്കാന്‍ അവസരമുണ്ടാകും. അറബ് ലോകത്തിന്റെ സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന പരിപാടികളും, ലോകത്തെ മികച്ച സംഗീതജ്ഞര്‍ പങ്കെടുക്കുന്ന സംഗീത വിരുന്നും മേളയെ സമ്പന്നമാക്കും.