അറബ് യുവതലമുറക്ക് പ്രിയം സാമൂഹിക മാധ്യമങ്ങളോട്

അറബ് ലോകത്തെ യുവതലമുറക്ക് സാമൂഹിക മാധ്യമങ്ങളോട് കൂടുതൽ പ്രിയമെന്ന് സർവേ. മൂന്നര മണിക്കൂറെങ്കിലും സോഷ്യൽ മീഡിയക്കായി മാത്രം മാറ്റിവെക്കുന്നുവെന്നാണ് സർവേ ഫലം. ന്യൂ മീഡിയ അക്കാദമി ആണ് സർവ്വേ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.
യു.എ.ഇയിലെ ഉപയോക്താക്കൾക്ക് പത്തിൽ കൂടുതൽ സാമൂഹിക മാധ്യമ അക്കൗണ്ടുകളുണ്ട്. 79 ശതമാനം അറബ് യുവാക്കളും വിവരങ്ങൾക്കായി ആദ്യം ആശ്രയിക്കുന്നത് സോഷ്യൽ മീഡിയയേയാണ്. 2015നെ അപേക്ഷിച്ച് 25 ശതമാനം കൂടുതലാണിത്. ഗുണനിലവാരം, വൈവിധ്യം, എണ്ണം എന്നിവയിൽ സോഷ്യൽ മീഡിയകളിലെ ഉള്ളടക്കത്തിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നതെന്ന് ന്യൂ മീഡിയ അക്കാദമി സി.ഇ.ഒ റാശിദ് അൽ അവാധി പറഞ്ഞു.
കോവിഡിനെ തുടർന്ന് സ്ഥാപനങ്ങളും വ്യക്തികളും ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലേക്ക് വ്യാപകമായി മാറിയതാണ് വർധനവിന് പ്രധാന കാരണം. 200ഓളം സോഴ്‌സുകളിൽ നിന്നുള്ള വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട് തയാറാക്കിയത്.