കോവിഡ്- സൗദിയിൽ ഇതുവരെ 125 ആരോഗ്യപ്രവർത്തകർ മരിച്ചതായി റിപ്പോർട്ട്

റിയാദ് :കോവിഡ് ബാധിച്ച് മരിച്ച വിദേശികളും സ്വദേശികളുമായ ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന ജീവനക്കാരുടെ ആശ്രിതർക്ക് അഞ്ചു ലക്ഷം റിയാൽ വീതം നഷ്ടപരിഹാരം നൽകാൻ കഴിഞ്ഞ ദിവസം സൗദി മന്ത്രിസഭ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ കോവിഡ് ബാധിച്ചു മരിച്ച ജീവനക്കാരുടെ പേരുവിവരങ്ങൾ ആരോഗ്യ വകുപ്പുകൾ ശേഖരിച്ച് ബന്ധപ്പെട്ട വകുപ്പുകൾക്ക് സമർപ്പിച്ചു. സൗദിയിൽ കോവിഡ് 19 ബാധിച്ച് ഇതുവരെ 125 ആരോഗ്യ മേഖലാ ജീവനക്കാർ മരിച്ചതായി റിപ്പോർട്ട് .
60 പേർ ആരോഗ്യ മന്ത്രാലയത്തിനു കീഴിലെ ആശുപത്രികളിലെയും ഹെൽത്ത് സെന്ററുകളിലെയും ജീവനക്കാരും 65 പേർ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിലേയും നാഷണൽ ഗാർഡ് മന്ത്രാലയം അടക്കം മറ്റു സർക്കാർ വകുപ്പുകൾക്കു കീഴിലെ ആരോഗ്യ സ്ഥാപനങ്ങളിലേയും ജീവനക്കാരുമാണ്. ഇവരുടെ ആശ്രിതർക്ക് നഷ്ടപരിഹാരമായി ആകെ 62.5 ദശലക്ഷം റിയാൽ സർക്കാർ വിതരണം ചെയ്യുമെന്നാണ് കണക്കാക്കുന്നത്. കോവിഡ് ബാധിച്ച് മലയാളികളടക്കമുള്ള വിദേശികളായ ആരോഗ്യപ്രവർത്തകർ രാജ്യത്ത് മരിച്ചിട്ടുണ്ട് .