കോവിഡ് വാക്‌സിൻ സ്വീകരിച്ച് ഷാർജ വിമാനത്താവള ജീവനക്കാർ

ഷാർജ: ഷാർജ അന്താരാഷ്ട്ര വിമാനത്താവളത്തിലെ മുൻനിര ജീവനക്കാർ കോവിഡ് വാക്സിൻ ആദ്യ ഡോസ് സ്വീകരിച്ചതായി വിമാനത്താവള ചെയർമാൻ അലിസലീം അൽ മിഡ്ഫാ പറഞ്ഞു. ചൊവ്വാഴ്ചയാണ് വിമാനത്താവളത്തിലെ ഫ്രണ്ട് ലൈൻ ജീവനക്കാർ കോവിഡ് വാക്സിൻ ആദ്യ ഡോസ് സ്വീകരിച്ചത്. സെപ്റ്റംബർ ആദ്യവാരം പ്രതിരോധ കുത്തിവെപ്പിന് യു.എ.ഇ. അംഗീകാരം നൽകിയശേഷം വാക്സിനെടുക്കുന്ന എമിറേറ്റിലെ ആദ്യ അതോറിറ്റിയാണിത്. ജനങ്ങളുമായി അടുത്തിടപെഴകുന്നവരുടെ സുരക്ഷയ്ക്ക് അടിയന്തരപരിഗണനയാണ് യു.എ.ഇ. നൽകുന്നത്.
കോവിഡ് വാക്‌സിൻ മൂന്നാംഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളിൽ 31,000 സന്നദ്ധസേവകർ പങ്കെടുത്തിരുന്നു. കൂടാതെ ഒട്ടേറെ ആരോഗ്യ ഉദ്യോഗസ്ഥരും ആരോഗ്യപ്രവർത്തകരും പങ്കാളികളായി. ചൈനീസ് ഫാർമസ്യൂട്ടിക്കൽ കമ്പനിയായ സിനോഫാം സി.എൻ.ബി.ജി. വികസിപ്പിച്ചെടുത്ത വാക്സിൻ സുരക്ഷിതവും ഫലപ്രദവുമാണെന്ന് ആരോഗ്യ പ്രതിരോധമന്ത്രി അബ്ദുൽറഹ്മാൻ ബിൻ മൊഹമ്മദ് അൽ ഒവൈസ് നേരത്തേ അറിയിച്ചിരുന്നു.