നിയോമിൽ 'ഒഴുകുന്ന വ്യവസായ നഗരം' സ്ഥാപിക്കാനൊരുങ്ങി സൗദി അറേബ്യ

ജിദ്ദ: നിയോമിൽ 'ഒഴുകുന്ന വ്യവസായ നഗരം' സ്ഥാപിക്കാനൊരുങ്ങി സൗദി അറേബ്യ.ലോകത്തെ ഏറ്റവും വലിയ ഫ്ലോട്ടിങ് വ്യവസായ നഗരമാണ് 'ഓക്സഗൺ' എന്ന പേരിൽ സൗദി വടക്കൻ അതിർത്തിയിലെ സ്വപ്ന നഗരമായ 'നിയോമിൽ' നിർമിക്കുന്നത്. കിരീടാവകാശിയും നിയോം ഡയറക്ടർ ബോർഡ് ചെയർമാനുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ ' നിയോമിൽ 'ഓക്സഗൺ' നഗരത്തിന്റെ പ്രഖ്യാപനം നടത്തി.
പുതിയ വ്യവസായ നഗരം ലോകത്തിലെ ഏറ്റവും വലിയ ഒഴുകുന്ന വ്യവസായ സമുച്ചയവും സൗദിയുടെ സാമ്പത്തിക വളർച്ചക്കും വൈവിധ്യവത്കരണത്തിനും ഉത്തേജകവും ആകുമെന്നും കിരീടാവകാശി ചൂണ്ടിക്കാട്ടി .ദേശീയ സാമൂഹിക സാമ്പത്തിക പരിഷ്കരണ പദ്ധതിയായ 'വിഷൻ 2030'-െൻറ ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള വിവിധ പദ്ധതികളുടെ ഭാഗമാണിത്. ഭാവിയിൽ മനുഷ്യരാശിയുടെ ജീവിതവും പ്രവർത്തന രീതികളും പുനർനിർവചിക്കാൻ പോകുന്ന നിയോം നഗരത്തിന്റെ തന്ത്രജ്ഞതയ്ക്ക് അനുസൃതമായി നിർമാണ കേന്ദ്രങ്ങൾക്ക് പുതിയ മാതൃക നൽകാനാണ് ഓക്സഗണി'ലൂടെ അധികൃതർ ലക്ഷ്യമിടുന്നത്.
ഇതിലൂടെ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാകും . മേഖലയിലെ ആഗോള വ്യാപാര ഒഴുക്കിനെ പിന്തുണയ്ക്കുന്നതിനൊപ്പം പ്രാദേശിക വ്യാപാര മേഖലയിൽ രാജ്യത്തെ പിന്തുണയ്ക്കുന്നതിലും ഓക്സഗൺ നഗരം പങ്കാളിയാകും.