21,000 സൗജന്യ ടിക്കറ്റുകളുമായി ഖത്തര്‍ എയര്‍വേയ്‌സ്

ദോഹ: കോവിഡ് പ്രതിസന്ധിക്കിടയിലും മികച്ച സേവനം നടത്തുന്ന അധ്യാപകര്‍ക്ക് ആദരവുമായി ഖത്തര്‍ എയര്‍വേയ്‌സ്. 21,000 സൗജന്യ വിമാന ടിക്കറ്റുകള്‍ നല്‍കിയാണ് ഖത്തര്‍ എയര്‍വേയ്‌സ് അധ്യാപകര്‍ക്ക് ആദരവേകുന്നത്.ഒക്ടോബര്‍ അഞ്ചു ഖത്തര്‍ സമയം പുലര്‍ച്ചെ നാലു മണി മുതല്‍ ഒക്ടോബര്‍ എട്ടിന് 3.59 വരെ അധ്യാപകര്‍ക്ക് ടിക്കറ്റ് രജിസ്റ്റര്‍ ചെയ്യാന്‍ അവസരമുണ്ട്. qatarairways.com/ThankYouTeachers എന്ന ലിങ്കില്‍ പ്രവേശിച്ച് ഇതിലുള്ള ഫോം പൂരിപ്പിച്ചാണ് അപേക്ഷ നല്‍കേണ്ടത്.
ഖത്തര്‍ എയര്‍വേയ്‌സ് സര്‍വ്വീസ് നടത്തുന്ന രാജ്യങ്ങളിലെ എല്ലാ അധ്യാപകര്‍ക്കും സൗജന്യ ടിക്കറ്റ് ലഭിക്കാന്‍ അപേക്ഷ നല്‍കാം. മൂന്ന് ദിവസം നീളുന്ന ഈ അവസരത്തില്‍ വിവിധ രാജ്യങ്ങളിലുള്ളവര്‍ക്ക് ടിക്കറ്റുകള്‍ അനുവദിക്കാന്‍ പ്രത്യേക സമയവും മാറ്റി വെച്ചിട്ടുണ്ട്.ഖത്തര്‍ എയര്‍വേയ്സ് സര്‍വ്വീസുകളുള്ള 90ലധികം സ്ഥലങ്ങളില്‍ എങ്ങോട്ടേക്കുമുള്ള മടക്കയാത്രാ ടിക്കറ്റാണ് ലഭിക്കുക. ടിക്കറ്റുകൾ ഉപയോഗിച്ച് 2021 സെപ്തംബര്‍ 30നകം യാത്ര ചെയ്യണമെന്നാണ് നിബന്ധന.