സൗദിയിലെ പ്രമുഖ വ്യവസായി ഹംസ പൂക്കയിൽ അന്തരിച്ചു

റിയാദ്: ദീർഘകാലം സൗദി അറേബ്യയിൽ പ്രവാസിയും വ്യവസായിയുമായിരുന്ന മലപ്പുറം കോട്ടക്കൽ പുതുപ്പറമ്പ് സ്വദേശി ഹംസ പൂക്കയിൽ (65) നാട്ടിൽ അന്തരിച്ചു . ഹൃദയസ്തംഭനമുണ്ടായി കഴിഞ്ഞ 10 ദിവസമായി അബോധാവസ്ഥയിൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ആയിരിന്നു. തിങ്കളാഴ്ച അർദ്ധരാത്രിയായിരുന്നു അന്ത്യം. മൃതദേഹം ചൊവ്വാഴ്ച 11.30ന് ഞാറത്തടം ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ ഖബറടക്കി.
മലപ്പുറം എം.എസ്.പിയിൽ ലഭിച്ച ജോലി രാജിവെച്ച് 1981ലാണ് ഹംസ പൂക്കയിൽ സൗദി അറേബ്യയിലെത്തിയത്. മക്കയിൽ റെഡിമെയിഡ് ഷോപ്പിൽ സെയിൽസ്‍മാനായിട്ടായിരുന്നു പ്രവാസത്തിന്റെ തുടക്കം. പിന്നീട് ജിദ്ദയിലെ ഷറഫിയ്യ, ബാബ് മക്ക എന്നീ പ്രദേശങ്ങളിലെ ബദറുദ്ദീൻ, ബദർ അൽതമാം ഹോസ്‍പിറ്റലുകളിലും റിയാദിലെ ശിഫ അൽജസീറ പോളിക്ലിനിക്കിലും ദീർഘകാലം മാനേജിങ്ങ് ഡയറക്ടർ, ജനറൽ മാനേജർ പദവികൾ വഹിക്കുകയും ചെയ്തിരുന്നു.