NewMETV logo

യുഎഇയില്‍ അഞ്ച് വയസിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്കും ഫൈസര്‍ വാക്സിന്‍ നല്‍കാന്‍ അനുമതി

 
65

അബുദാബി: യുഎഇയില്‍  അഞ്ച് മുതല്‍ 11 വയസ് വരെ പ്രായമുള്ള കുട്ടികളില്‍ ഫൈസര്‍ ബയോ എന്‍ടെക് കൊവിഡ് വാക്സിന്‍  ഉപയോഗിക്കാന്‍ അനുമതി. യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയമാണ് കുട്ടികളുടെ അടിയന്തര ഉപയോഗത്തിനുള്ള അനുമതി നല്‍കിയത്. ഇതുവരെ നടത്തിയ ക്ലിനിക്കല്‍ പഠനങ്ങളുടെ ഫലങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് അനുമതി നല്‍കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. ഇതോടെ കോവിഡ് പ്രതിരോധത്തിനു യുഎഇയിൽ കുട്ടികൾക്ക് ലഭ്യമാകുന്ന രണ്ടാമത്തെ വാക്സീനായി ഫൈസർ.

നേരത്തെ 3 വയസ്സിനു മുകളിലുള്ളവർക്കു സിനോഫാമും 12നു മുകളിലുള്ളവർക്കു ഫൈസർ വാക്സീനും നൽകാൻ അനുമതി ലഭിച്ചിരുന്നു. കൂടുതൽ കുട്ടികൾ വാക്സീൻ എടുക്കുന്നതോടെ സ്കൂളുകളിൽ സമ്പൂർണ പഠനം തുടങ്ങാനാകും.ആരോഗ്യമന്ത്രാലത്തിനു കീഴിലുള്ള ആശുപത്രികളിലും ക്ലിനിക്കുകളിലും വാക്സീൻ ലഭിക്കും. ദുബായിലുള്ളവർ ഡിഎച്ച്എ ആപ് വഴി ബുക്ക് ചെയ്യണം. അബുദാബിയിലും ഇതര എമിറേറ്റിലുമുള്ളവർ സേഹ ആപ്പീലൂടെയോ 800 50 നമ്പറിൽ വിളിച്ചോ ബുക്ക് ചെയ്യണം 

അബുദാബിയിൽ വാക്സീൻ എടുത്ത കുട്ടികളുടെ തോത് അനുസരിച്ച് കളർ കോഡ് നൽകി വേർതിരിച്ച് ഇളവു നൽകുമെന്ന് വിദ്യാഭ്യാസ വിജ്ഞാന വകുപ്പ് പ്രഖ്യാപിച്ചിരുന്നു. 85% കൂടുതൽ കുട്ടികൾ വാക്സീൻ എടുത്ത ബ്ലൂ സ്കൂളിൽ മാസ്കും അകലം പാലിക്കലും ഒഴിവാക്കിയേക്കും.  ഇതേസമയം 16 വയസ്സിനു താഴെയുള്ള കുട്ടികൾ വാക്സീൻ എടുക്കണമെന്ന് നിർബന്ധിക്കാൻ പാടില്ലെന്ന് സ്കൂൾ അധികൃതരോട്  നിർദേശിച്ചു.. അഞ്ച് വയസ് മുതല്‍ 11 വയസ് വരെ പ്രായമുള്ള കുട്ടികളില്‍ വാക്സിന്‍ സുരക്ഷിതമാണെന്നും ശക്തമായ രോഗ പ്രതിരോധ ശേഷി പ്രദാനം ചെയ്യുന്നുണ്ടെന്നും പഠനങ്ങളില്‍ വ്യക്തമായതായി അധികൃതര്‍ പറഞ്ഞു. ഈ പ്രായത്തിലുള്ള കുട്ടികളെ രോഗത്തില്‍ നിന്ന് രക്ഷിക്കുന്നതില്‍ വാക്സിനുകളുടെ ഉപയോഗം ഒരു നിര്‍ണായക ചുവടുവെപ്പാണെന്നും അറിയിച്ചിട്ടുണ്ട്. ഗുരുതരമായ ആരോഗ്യ പ്രശ്‍നങ്ങളുള്ള മുതിര്‍ന്നവരില്‍ നേരത്തെ ഫൈസര്‍, സ്‍പുട്‍നിക് വാക്സിനുകള്‍ എടുത്തവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്.  

From around the web

Pravasi
Trending Videos