കോവിഡ് സ്ഥിരീകരിച്ചിട്ട് ഒരു വർഷം പിന്നിട്ട് ഒമാൻ

ഒമാനിൽ കോവിഡ് സ്ഥിരീകരിച്ചിട്ട് ഒരു വർഷം പിന്നിട്ടു. കഴിഞ്ഞ വർഷം ഫെബ്രുവരി 24നാണ് ആദ്യ രോഗബാധ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ചെറിയ ഇടവേളക്ക് ശേഷം കോവിഡിന്‍റെ രണ്ടാം വരവിന്‍റെ ഭീതിയിലാണ് ഇന്ന് ഒമാൻ. രോഗം തുടങ്ങിയ ശേഷം ഇറാനിലേക്കുള്ള വിമാന സർവീസുകളാണ് മുൻകരുതൽ നടപടികളുടെ ഭാഗമായി ആദ്യം നിർത്തിയത്. മാർച്ച് ആദ്യം മുതൽ ഘട്ടം ഘട്ടമായുള്ള നിയന്ത്രണങ്ങളും ഏർപ്പെടുത്തി. മാർച്ച് 11ന് കോവിഡ് പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിനായി ആഭ്യന്തരമന്ത്രിയുടെ അധ്യക്ഷതയിൽ സുപ്രീം കമ്മിറ്റി രൂപവത്കരിച്ച് സുൽത്താൻ ഹൈതം ബിൻ ത്വാരിഖ് ഉത്തരവിട്ടു. മാർച്ച് 18 ഓടെ ഒമാനികളും ജി.സി.സി പൗരന്മാർ അല്ലാത്തവർക്കും പ്രവേശന വിലക്ക് പ്രാബല്യത്തിലായി. മാർച്ച് 23 മുതൽ അവശ്യ സാധനങ്ങൾ വിൽപന നടത്തുന്നവ ഒഴിച്ച് എല്ലാ കടകളും അടച്ചിടാനും സുപ്രീം കമ്മിറ്റി നിർദേശിച്ചു.
മാർച്ച് 29 ഓടെ വിമാനത്താവളം അടക്കാനും തീരുമാനമായി. ഏപ്രിൽ ഒന്ന് മുതൽ ഗവർണറേറ്റുകൾക്കിടയിൽ യാത്രാ നിയന്ത്രണവും രോഗ വ്യാപനം കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ട മത്രയിൽ ഐസൊലേഷനും നിലവിൽ വന്നു. ഏപ്രിൽ ആദ്യ വാരത്തിന് ശേഷമാണ് മസ്കത്ത് ഗവർണറേറ്റിൽ ലോക്ഡൗണും നിലവിൽ വന്നത്. ഏപ്രിൽ ആദ്യമാണ് ഒമാനിലെ ആദ്യ കോവിഡ് മരണം റിപ്പോർട്ട് ചെയ്യപ്പെട്ടത്.