ബഹ്‌റൈനിൽ സ്വമേധയാ വാക്‌സിന്‍ പരീക്ഷണത്തിന് വിധേയനായി മലയാളി യുവാവ്

മലപ്പുറം: കൊറോണ വൈറസിനെതിരെയുള്ള വാക്‌സിന്‍ പരീക്ഷണത്തിന് സ്വമേധയാ വിധേയനായി മലയാളി യുവാവ് രംഗത്ത്. കക്കാട് കരിമ്പില്‍ സ്വദേശി കെ. നൗഷാദാണ് ബഹ്‌റൈന്‍ മെഡിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ നേതൃത്വത്തില്‍ വാക്‌സിന്‍ കുത്തിവയ്‌പ് നടത്തിയിരിക്കുന്നത്. കോവിഡിനെതിരെയുള്ള വാക്‌സിന്‍ കുത്തിവെപ്പിന് പേര് രജിസ്റ്റർ ചെയ്യാമെന്ന വാർത്ത ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് നൗഷാദ് സ്വന്തം ഇഷ്ടപ്രകാരം ബഹ്‌റൈന്‍ മെഡിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ സൈറ്റില്‍ രജിസ്‌റ്റര്‍ ചെയ്തിരിക്കുന്നത്. തുടര്‍ന്നു മെസേജ് വന്നതിന്റെ അടിസ്‌ഥാനത്തില്‍ വാക്‌സിന്‍ സ്വീകരിക്കുകയായിരുന്നു ഇയാൾ. ഇരുപത്തിയൊന്നാം ദിവസമായ സപ്‌തംബര്‍ ആറിനാണ് അടുത്ത വാക്‌സിന്‍ ഉള്ളത്. 12 മാസമാണ് ഇതിന്റെ പഠന കാലാവധി.
ബഹ്‌റൈനില്‍ ആറായിരത്തോളം പേരിലാണ് വാക്‌സിന്‍ പരീക്ഷിക്കുന്നത്. ചൈനയുടെ സിനോഫാം സി.എന്‍.ബി.ജിയാണ് വാക്‌സിന്‍ വികസിപ്പിക്കുന്നത്. രണ്ടരവര്‍ഷമായി ബഹ്‌റൈനില്‍ സീസണ്‍ ഗ്രൂപ്പ് കമ്പനിയില്‍ ഷെഫായി ജോലിചെയ്‌തുവരുന്ന നൗഷാദ് കഴിഞ്ഞ ജനുവരിയില്‍ നാട്ടിലെത്തി ഫെബ്രുവരിയില്‍ തിരിച്ചു പോകുകയായിരുന്നു ഉണ്ടായത്.