യുഎഇയിൽ അനുമതിയില്ലാത്ത പിരിവിന് വൻ തുക പിഴ

അബുദാബി∙ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പേരിലാണെങ്കിലും യുഎഇയിൽ അനുമതിയില്ലാതെ ധനസമാഹരണം (പിരിവ്) നടത്തുന്നത് നിയമലംഘനമെന്ന് അധികൃതർ . ഫെഡറൽ നിയമം അനുസരിച്ച് കുറ്റക്കാർക്ക് 3 ലക്ഷം ദിർഹം വരെയാണ് പിഴ. രാജ്യത്ത് വ്യക്തിഗതമായോ സംഘമായോ സംഘടന മുഖേനയോ പണപ്പിരിവ് നടത്താൻ അനുമതിയില്ല. യുഎഇയിൽ യുഎഇ റെഡ് ക്രസന്റ് സൊസൈറ്റി പോലുള്ള അംഗീകൃത സംഘടനകൾക്കും ജീവകാരുണ്യസമിതികൾക്കും മാത്രമേ പണപ്പിരിവ് നടത്താൻ അനുമതിയുള്ളൂ.
ലൈസൻസ് ഉള്ള റെഡ് ക്രസന്റ് അടക്കമുള്ള സംഘടനകൾ ഓരോ ആവശ്യങ്ങൾക്കും പണപ്പിരിവ് നടത്തുന്നതിന് പ്രത്യേക അനുമതി തേടണം .ഇസ്‌ലാമിക് അഫയേഴ്സ് ആൻഡ് ചാരിറ്റബിൾ ആക്ടിവിറ്റീസ് ഡിപ്പാർട്ട്മെന്റിൽനിന്നാണ് പിരിവിന് അനുമതി തേടേണ്ടത്. സഹായം ആവശ്യമുള്ളവർ സ്വന്തം നിലയ്ക്കോ മറ്റേതെങ്കിലും സംഘടനകൾ വഴിയോ വിവരങ്ങൾ യുഎഇയുടെ അംഗീകൃത ജീവകാരുണ്യ ഏജൻസിയെ അറിയിക്കണം. ഇന്ത്യക്കാർക്ക് ഇന്ത്യൻ എംബസി/കോൺസുലേറ്റ് മുഖേനയോ അംഗീകൃത ഇന്ത്യൻ സംഘടനകൾ മുഖേനയോ സഹായം തേടാവുന്നതാണ് .