സൗദിയിൽ ഫാർമസികൾ വഴിയും കോവിഡ് വാക്‌സിൻ വിതരണം

സൗദിയിൽ ഫാർമസികൾ വഴിയും സൗജന്യമായി കോവിഡ് വാക്‌സിൻ വിതരണം. ആരോഗ്യ മന്ത്രാലയം ആണ് ഇക്കാര്യം അറിയിച്ചത്. ഇത് വരെ പത്ത് ലക്ഷത്തിലധികം ഡോസ് കോവിഡ് വാക്‌സിനുകൾ രാജ്യത്ത് വിതരണം ചെയ്തിട്ടുണ്ട്. വാക്‌സിനേഷൻ പദ്ധതി വളരെ വേഗത്തിലാണ് പുരോഗമിക്കുന്നത്. രാജ്യത്തൊട്ടാകെ നൂറിലധികം വാക്‌സിൻ വിതരണ കേന്ദ്രങ്ങൾ പ്രവർത്തിച്ച് തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മുതൽ മക്ക, മദീന, റിയാദ്, അബഹ എന്നിവിടങ്ങളിൽ ഡ്രൈവ് ത്രൂ വാക്‌സിൻ സെന്ററുകളും പ്രവർത്തനമാരംഭിച്ചിരുന്നു. ഇതിന് പിറകെയാണ് ഇപ്പോൾ ഫാർമസികൾ വഴിയും സൗജന്യമായി വാക്‌സിൻ വിതരണം ചെയ്യുന്നത്.
മന്ത്രാലയം നിശ്ചയിക്കുന്ന ഫാർമസികൾ വഴി മാത്രമേ വിതരണം ചെയ്യുകയുള്ളൂ. എന്നാൽ വാക്‌സിൻ ലഭിക്കുന്നതിന് സ്വിഹത്തി ആപ്പ് വഴി രജിസ്റ്റർ ചെയ്യണമെന്ന് മന്ത്രാലയം ഓർമ്മിപ്പിച്ചു. ഗർഭിണികൾക്കും കുട്ടികൾക്കും ഇപ്പോൾ വാക്‌സിൻ നൽകുകയില്ല.