കൊവിഡ് മുൻകരുതൽ കർശനമാക്കി യുഎഇ

ദുബൈ: യുഎഇയിൽ കൊവിഡ് മുൻകരുതൽ ശക്തമാക്കി. കൂട്ട വിരുന്നുകളും സമ്മേളനങ്ങളും നിരോധിച്ചു. പൊതുവേദികൾ അടച്ചു. മാളുകളിലും ഓഫീസുകളിലും ശേഷി കുറച്ചിട്ടുണ്ട്. മുൻകരുതൽ നടപടി ഉറപ്പുവരുത്താൻ സുരക്ഷാ പരിശോധന തുടരുകയാണ്. അതേസമയം, കൊവിഡ് സുരക്ഷാ നിയമങ്ങൾ ലംഘിക്കുന്ന സ്ഥാപനങ്ങളുടെ എണ്ണം വർധിക്കുന്നുണ്ട്. ഇതാണ് നിയമങ്ങൾ കർശനമാക്കുന്നതിനു അധികൃതരെ പ്രേരിപ്പിച്ചത്. മാളുകളിലും ഓഫീസുകളിലും ശേഷി കുറച്ചിട്ടുണ്ട്. ഒപ്പം ജീവനക്കാർക്കായി നിർബന്ധിത പി സി ആർ പരിശോധനയും നടത്തും.
മിക്ക എമിറേറ്റുകളിലും സർക്കാർ, അർധ സർക്കാർ ഓഫീസുകളിലെ ഹാജർനില 30 ശതമാനമായി കുറച്ചിട്ടുണ്ട്. വിവാഹ ചടങ്ങുകൾക്കും കുടുംബ സമ്മേളനങ്ങൾക്കുമുള്ള അതിഥികളുടെ എണ്ണം പത്തായി ചുരുക്കി . മൃതദേഹ സംസ്‌കാര ചടങ്ങിൽ 20 പേർക്ക് പങ്കെടുക്കാം. പാർട്ടികളും സമ്മേളനങ്ങളും നിരോധിച്ചു. എല്ലാ ജീവനക്കാർക്കും പ്രതിവാര പി സി ആർ പരിശോധനകൾ നടത്തും.
റെസ്റ്റോറന്റുകൾ, കോഫി ഷോപ്പുകൾ, ഹോട്ടലുകൾ, പൊതു ബീച്ചുകൾ, പാർക്കുകൾ എന്നിവിടങ്ങളിൽ 60 ശതമാനം ശേഷി മാത്രമേ അനുവദിക്കൂ. വ്യായാമ കേന്ദ്രങ്ങൾ, സ്വകാര്യ ബീച്ചുകൾ, നീന്തൽക്കുളങ്ങൾ എന്നിവ 50 ശതമാനം ശേഷിയിൽ പ്രവർത്തിക്കും.