സൗദിയിൽ കോവിഡ് ഗുരുതര രോഗികൾ അഞ്ഞൂറിൽ താഴെ

സൗദിയിൽ കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിൽ കഴിയുന്നവരുടെ എണ്ണത്തിൽ നേരിയ കുറവ്. എണ്ണം അഞ്ഞൂറിൽ താഴെയെത്തി. അതെ സമയം വാക്‌സിൻ സ്വീകരിച്ചവരും ആരോഗ്യ മുൻ കരുതലുകൾ പാലിക്കുന്നത് തുടരണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 327 കോവിഡ് കേസുകളാണ് ഇന്നലെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത്.
ജനുവരി പകുതിയോടെ മുന്നൂറോളമായിരുന്നു രാജ്യത്തെ അത്യാസന്ന നിലയിലുള്ളവരുടെ എണ്ണം. തുടർന്നങ്ങോട്ട് കേസുകൾ പ്രതിദിനം വർധിച്ച് അഞ്ചാഴ്ച കൊണ്ട് ഗുരുതരാവസ്ഥ അഞ്ഞൂറിനും മുകളിലെത്തി. ഇന്നലെ മുതൽ നേരിയ കുറവ് രേഖപ്പെടുത്തി വീണ്ടും അഞ്ഞൂറിന് താഴെയെത്തിയിട്ടുണ്ട്. രാജ്യവ്യാപകമായി നടന്ന് വരുന്ന വാക്‌സിനേഷൻ പദ്ധതി കൂടുതൽ മേഖലകളിലേക്ക് വ്യാപിച്ചു. നിലവിൽ രാജ്യത്ത് എല്ലായിടത്തും വാക്‌സിൻ യഥേഷ്ടം ലഭ്യമാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇത് വരെ 5,41,411 പേർ വാക്‌സിൻ സ്വീകരിച്ചിട്ടുണ്ട്. ഇതിൽ നാൽപ്പതിനായിരത്തോളം പേർക്കും കഴിഞ്ഞ മൂന്ന് ദിവസത്തിനിടയിലാണ് കുത്തിവയ്‌പ്പെടുത്തത്.
ഒന്നും രണ്ടും ഡോസ് വാക്‌സിൻ സ്വീകരിച്ചവരും, ആരോഗ്യ മുൻകരുതലുകൾ പാലിക്കുന്നതിൽ വിട്ട് വീഴ്ച കാണിക്കരുതെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഓർമ്മിപ്പിച്ചു.