കമല ഹാരിസിനെ ദുര്‍ഗയായി ചിത്രീകരിച്ച് ട്വീറ്റ്- മീന ഹാരിസിനെതിരേ യു.എസിലെ ഹിന്ദുസംഘടനകള്‍

വാഷിങ്ടൺ:അമേരിക്കൻ ഡെമോക്രാറ്റിക് വൈസ് പ്രസിഡൻഷ്യൽ സ്ഥാനാർഥി കമല ഹാരിസിനെ ദുർഗ ദേവിയായി ചിത്രീകരിച്ചു കൊണ്ടുളള ചിത്രം ട്വീറ്റ് ചെയ്ത കമലയുടെ അനന്തരവൾ മീന ഹാരിസിനോട് ക്ഷമാപണം നടത്താനാവശ്യപ്പെട്ട് യു.എസിലെ ഹിന്ദു സംഘടനകൾ.ദുർഗയെ ഇത്തരത്തിൽ ചിത്രീകരിച്ചത് ലോകമെമ്പാടുമുളള ഹിന്ദുക്കളെ വേദനിപ്പിച്ചെന്ന് ഹിന്ദു അമേരിക്കൻ ഫൗണ്ടേഷ(എച്ച്.എ.എഫ്.)നിലെ സുഹാഗ് എ. ശുക്ല ട്വീറ്റ് ചെയ്തു. മീന ട്വീറ്റ് ചെയ്ത ചിത്രം അവർ സൃഷ്ടിച്ചതല്ലെന്നും അവർ ട്വീറ്റ് ചെയ്യുന്നതിന് വളരെ മുമ്പേ തന്നെ വാട്സാപ്പ് ഗ്രൂപ്പുകളിൽ ചിത്രം പ്രചരിച്ചിരുന്നുവെന്നും ഹിന്ദു അമേരിക്കൻ പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റി അംഗമായ ഋഷി ഭുട്ടാഡ പറഞ്ഞു. തങ്ങളല്ല ചിത്രം സൃഷ്ടിച്ചതെന്ന് ബൈഡൻ ക്യാമ്പെയ്ൻ സ്ഥിരീകരിച്ചതായും ഋഷി അറിയിച്ചു.
'ട്വീറ്റ് നീക്കം ചെയ്തെങ്കിലും ഇക്കാര്യത്തിൽ മീന ക്ഷമാപണം നടത്തണമെന്നാണ് ഞാൻ കരുതുന്നത്. അമേരിക്കൻ രാഷ്ട്രീയത്തിനായി മതപരമായ ആരാധനാരൂപങ്ങൾ ഉപയോഗിക്കാൻ പാടുളളതല്ല.2018-ൽ ഫോർട്ട് ബെൻഡ് കൗണ്ടി ജി.ഒ.പി. ഒരു പരസ്യത്തിനായി ഇപ്രകാരം തയ്യാറാക്കിയപ്പോഴും ഇതേ കാര്യം പറഞ്ഞിരുന്നു.' ഋഷി പറയുന്നു.
ചിത്രം വിവാദമായതിനെ തുടർന്ന് മീന ട്വീറ്റ് നീക്കം ചെയ്തു. അഭിഭാഷകയും കുട്ടികളുടെ പുസ്തകങ്ങളുടെ രചയിതാവും ഫിലമെനൽ വുമൺ ആക്ഷൻ ക്യാമ്പെയിന്റെ സ്ഥാപകയുമാണ് മീന ഹാരിസ്.
മീന ട്വീറ്റ് നീക്കം ചെയ്തെങ്കിലും ഇതിന്റെ സ്ക്രീൻഷോട്ടുകൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ദുർഗ ദേവിയായി ചിത്രീകരിച്ചിരിക്കുന്ന കമല ഹാരിസ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വധിക്കുന്നതായി ചിത്രീകരിച്ചിരിക്കുന്ന ചിത്രമാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ചിത്രത്തിൽ പ്രസിഡന്റ് സ്ഥാനാർഥി ജോ ബൈഡനെ ദേവിയുടെ വാഹനമായ സിംഹമായാണ് ചിത്രീകരിച്ചിരിക്കുന്നത്.