ഗൂഗിൾ പേ സേവനം കുവൈത്തിലും

ഗൂഗിൾ പേ സേവനം കുവൈത്തിലും. ഉപഭോക്താക്കള്‍ക്ക് ഗൂഗിള്‍ പേ ഉപയോഗിച്ച് പണമിടപാടുകള്‍ നടത്താന്‍ സൗകര്യം ഒരുക്കി രാജ്യത്തെ വിവിധ ബാങ്കുകള്‍.സുരക്ഷാപരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ഗൂഗിള്‍ പേക്ക് രാജ്യത്ത് വിവിധ ബാങ്കുകളുടെ പണമിടപാട് നടത്താന്‍ അനുമതി നല്‍കിയത്. നാഷണൽ ബാങ്ക് ,കമേഴ്‌സ്യൽ ബാങ്ക് ,ബുർഗാൻ ബാങ്ക്, അഹ്‌ലി യുണൈറ്റഡ് ബാങ്ക് ഉള്‍പ്പടെ രാജ്യത്തെ പ്രമുഖ ബാങ്കുകള്‍ ഗൂഗിള്‍ പേ സംവിധാനം തങ്ങളുടെ അക്കൗണ്ട് വഴി ഉപയോക്താക്കള്‍ക്ക് ലഭ്യമാകുമെന്ന് അറിയിച്ചു. ആന്‍ഡ്രോയിഡ് ഫോണില്‍ നിന്നും സ്‌മാർട്ട് വാച്ചുകളില്‍ നിന്നും ഇതോടെ എളുപ്പത്തിലും സുരക്ഷിതമായും പേയ്‌മെന്റുകൾ നടത്താൻ സാധിക്കും.
ആന്‍ഡ്രോയിഡ് ഉപകരണങ്ങള്‍ ഉപയോഗിച്ച് ഗൂഗിൾ വാലറ്റിൽ സൂക്ഷിച്ച കാർഡുകൾ വഴിയാണ് കോൺടാക്റ്റ്‌ലെസ് പേയ്‌മെന്റ് നടത്തുന്നത്.ഫോണിലും സ്‌മാർട്ട് വാച്ചിലും മുഖം തിരിച്ചറിയല്‍ ,ഫിംഗർപ്രിന്റ് ഐഡന്റിഫിക്കേഷൻ എന്നിവ ഉപയോഗിക്കുന്നതിനാല്‍ ഉപഭോക്താക്കള്‍ക്ക് സുരക്ഷിതവും അതിവേഗത്തിലും ഇടപാടുകള്‍ പൂര്‍ത്തിയാക്കുവാന്‍ സാധിക്കും. സ്‌മാർട്ട് വാച്ചുകൾ, ടാബ്‌ലെറ്റ് തുടങ്ങി ഏത് ആന്‍ഡ്രോയിഡ് ഉപകരണങ്ങള്‍ വഴിയും ഗൂഗിള്‍ പേ ഉപയോഗിക്കാനാകും.