പൊതുമാപ്പ് : 65,173 പേർ രജിസ്റ്റർ ചെയ്തു

മസ്കത്ത്: തൊഴിൽ, താമസ നിയമങ്ങൾ ലംഘിച്ച് ഒമാനിൽ കഴിയുന്നവർക്കായി സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പിൽ ഇനി ഏഴു ദിവസംകൂടി രജിസ്റ്റർ ചെയ്യാം. മാർച്ച് 31നാണ് പൊതുമാപ്പിന്റെ കാലാവധി അവസാനിക്കുന്നത്. 65,173 പ്രവാസികള്‍ തങ്ങളുടെ താമസ, തൊഴില്‍ രേഖകള്‍ ശരിയാക്കാന്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. ഇവരില്‍ 46,355 പേര്‍ക്ക് നടപടികള്‍ ഒഴിവാക്കി സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങാന്‍ അവസരമൊരുങ്ങി.
അന്തിമ തീയ്യതിക്ക് ശേഷം ഇത് സംബന്ധിച്ചുള്ള അപേക്ഷകള്‍ സ്വീകരിക്കില്ലെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. ഇപ്പോഴത്തെ ഇളവ് പ്രയോജനപ്പെടുത്തുന്ന പ്രവാസികള്‍ക്ക് 2021 ജൂണ്‍ 30 വരെ രാജ്യം വിടാന്‍ സാവകാശം അനുവദിച്ചിട്ടുണ്ട്. നിരവധി പ്രവാസികള്‍ക്ക് ഇപ്പോഴത്തെ ഇളവിന്റെ പ്രയോജനം ലഭിച്ചതായി തൊഴില്‍ മന്ത്രാലയത്തിലെ ലേബര്‍ വെല്‍ഫെയര്‍ ഡയറക്ടര്‍ ജനറല്‍ സലിം സൈദ് അല്‍ ബാദി പറഞ്ഞു. www.mol.gov.om എന്ന വെബ്സൈറ്റിലൂടെയാണ് ഇതിനായി പ്രവാസികള്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്.
മാർച്ച് 31നുശേഷം ലഭിക്കുന്ന അപേക്ഷകൾ സാധാരണ രീതിയിലായിരിക്കും പരിഗണിക്കുകയെന്നും നിയമലംഘകർ പിഴയൊടുക്കേണ്ടിവരുമെന്നും തൊഴിൽ വകുപ്പ് അറിയിച്ചു. കോവിഡ് സ്വകാര്യ മേഖലയിൽ ഏൽപിച്ച ആഘാതം ലഘൂകരിക്കുന്നതിനുള്ള വിവിധ പദ്ധതികളുടെ ഭാഗമായാണ് പൊതുമാപ്പ് പ്രഖ്യാപിച്ചത്. ഇതോടൊപ്പമുള്ള വിദേശ തൊഴിലാളികളെ പിരിച്ചുവിടുന്നതിന് സ്വകാര്യ കമ്പനികൾക്കുള്ള അനുമതിയും മാർച്ച് 31 വരെ പ്രാബല്യത്തിലുണ്ടാകും. ഇങ്ങനെ പിരിച്ചുവിടുന്ന വിദേശികളുടെ മുഴുവൻ ആനുകൂല്യങ്ങളും നൽകിയിരിക്കണം.