NewMETV logo

യുഎഇയിൽ നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള വിമാന ടിക്കറ്റ് നിരക്കിൽ ഇരട്ടിയിലേറെ വർധന

 
14

യുഎഇയിൽ നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള വിമാന ടിക്കറ്റ് നിരക്കിൽ ഇരട്ടിയിലേറെ വർധന. ഏപ്രിലിൽ നിരക്ക് ഇനിയും ഉയരുമെന്നാണ് സൂചന. വാർഷിക പരീക്ഷ കഴിഞ്ഞുള്ള ഇടവേളകളിൽ നാട്ടിലേക്കു പോകുന്നവരുടെ എണ്ണം കൂടിയതും റമസാൻ, ഈദ് എന്നിവ അടുത്തു വരുന്നതും നിരക്ക് വർധനയ്ക്ക് കാരണമായി. ഇനി മധ്യവേനൽ കഴിയുന്നതുവരെ വിമാന ടിക്കറ്റ് നിരക്കിന്റെ ഗ്രാഫ് ഉയർന്നു നിൽക്കും.

സീസൺ സമയത്ത് യാത്രക്കാരുടെ എണ്ണം കൂടുന്നതിന് അനുസരിച്ച് വിമാന സർവീസ് ഇല്ലാത്തതും നിരക്ക് ഉയരാൻ കാരണമായി. യുഎഇയിൽ നിന്ന് എയർ ഇന്ത്യ വിമാനങ്ങൾ പിൻവലിച്ച് എയർ ഇന്ത്യ എക്സ്പ്രസ് ആക്കി മാറ്റുന്നതോടെ സീറ്റുകളിൽ ഉണ്ടാകുന്ന കുറവും വിലവർധനയ്ക്ക് കാരണമായെന്ന് ട്രാവൽ ഏജൻസി വൃത്തങ്ങൾ സൂചിപ്പിച്ചു.

കഴിഞ്ഞ മാസം യുഎഇയിൽ നിന്ന് കൊച്ചിയിലേക്ക് ശരാശരി 310 ദിർഹത്തിന് (6900 രൂപ) ടിക്കറ്റ് ലഭിച്ചിരുന്നത് ഇപ്പോൾ 650 ദിർഹത്തിനു (14621 രൂപ) മുകളിലായി. കണ്ണൂരിലേക്കാണെങ്കിൽ 750 ദിർഹമാകും (16871 രൂപ). നാലംഗ കുടുംബത്തിന് കേരളത്തിലേക്കു പോകാൻ മാത്രം ശരാശരി 2600 ദിർഹം (58486 രൂപ). തിരിച്ചുവരാൻ ഇതിന്റെ രണ്ടിരട്ടിയെങ്കിലും കൊടുക്കേണ്ടിവരും.

കൊച്ചിയിൽ നിന്ന് ദുബായിലേക്കു വരാൻ വൺവേക്ക് ശരാശരി 30,000 രൂപയാണ് നിരക്ക്. കഴിഞ്ഞ മാസം ശരാശരി 10,000 രൂപയ്ക്ക് ടിക്കറ്റ് ലഭിച്ചിരുന്നു. നാലംഗ കുടുംബത്തിന് ദുബായിലേക്കു പോകാൻ മാത്രം 1.2 ലക്ഷം രൂപ വരും. തിരിച്ചു നാട്ടിലേക്കു പോകാൻ 1.5 ലക്ഷം രൂപയും വേണ്ടിവരും.  യാത്ര അബുദാബി വഴിയാണെങ്കിൽ നിരക്ക് കൂടുകയും ഷാർജ വഴിയാണെങ്കിൽ അൽപം കുറയുകയും ചെയ്യും.

From around the web

Pravasi
Trending Videos