കൊവിഡ് വൈറസ് ബാധ കേൾവിശക്തി നഷ്ടമായേക്കാം- മുന്നറിയിപ്പുമായി വിദഗ്ദ്ധർ

ലണ്ടൻ: കൊവിഡ് പടർന്നുപിടിക്കുമ്പോഴും മുൻകരുതലുകൾ എടുക്കാൻ മടിയുള്ളവർക്ക് ബ്രിട്ടനിലെ വിദഗ്ദ്ധരുടേ മുന്നറിയിപ്പ്. കോവിഡ് അത്രവലിയ പ്രശ്നമല്ലെന്ന മനോഭാവമാണ ങ്കിൽ അറിയുക-വൈറസ് ബാധ നിങ്ങളുടെ കേൾവിശക്തി എന്നെന്നേക്കുമായി നഷ്ടപ്പെടുത്തിയേക്കാം. കൊവിഡ് ബാധിതനായ 45കാരന്റെ കേൾവിശക്തി നഷ്ടമായതിനെത്തുടർന്ന് നടത്തിയ പഠനത്തിലാണ് ഞെട്ടിപ്പിക്കുന്ന ഇക്കാര്യം വ്യക്തമായത്.ലോകത്താകെയുളള ഒരു ലക്ഷം കൊവിഡ് ബാധിതരിൽ അഞ്ച്മുതൽ 160വരെപ്പേർക്ക് ഇത്തരത്തിൽ കേൾവിപ്രശ്നം റിപ്പോർട്ട് ചെയ്തിട്ടുണ്ടത്രേ.
അപൂർവമായി സംഭവിക്കുന്നതാണെന്നുപറഞ്ഞ് ഇത് തളളിക്കളയേണ്ടെന്നും വിദഗ്ദ്ധർ വ്യക്തമാക്കുന്നുണ്ട്.
കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായി ഒരുമാസത്തോളം ആശുപത്രിയിൽ കിടന്ന വ്യക്തിയാണ് ബ്രിട്ടനിൽ കേൾവിശക്തി നഷ്ടമായ 45കാരൻ. ഇയാൾ ആസ്‌ത്‌മാ രോഗിയുമായിരുന്നു. ദിവസങ്ങളോളം വെന്റിലേറ്ററിലുമായിരുന്നു. സാധാരണനിലയിലേക്ക് വന്ന് തുടങ്ങിയപ്പോഴാണ് പൊടുന്നനെ കേൾവിശക്തി നഷ്ടമായത്. ചികിത്സയിലൂടെ പ്രശ്നം പരിഹരിക്കാൻ ഡോക്ടർമാർ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതിന് മുമ്പ് കേൾവിത്തകരാർ ഉണ്ടായിട്ടുമില്ല. കേൾവി നഷ്ടപ്പെടാനുളള കാരണം കണ്ടെത്താൻ ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം. കേൾവി പൂർണമായും നഷ്ടമായതിനുശേഷംമാത്രമായിരിക്കും പ്രശ്നം തിരിച്ചറിയുന്നത് എന്നതിനാൽ മുൻകരുതൽ എടുക്കാനും കഴിയില്ല. സ്റ്റിറോയ്ഡ് ഉപയോഗിച്ചുളള ചികിത്സയിലൂടെ 45കാരന്റെ കേൾവിശക്തി കുറച്ചൊക്കെ വീണ്ടെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. പഴതുപോലാകുമാേ എന്ന് ഉറപ്പിച്ചുപറയാനാവില്ലെന്നാണ് ഡോക്ടർമാർ സൂചിപ്പിക്കുന്നത്.
കൊവിഡ് വൈറസ് ബാധിക്കുന്നത് ഭാവിയിൽ ശരീരത്തിന് എന്തെല്ലാം തരത്തിലുളള പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നതിൽ ആരോഗ്യരംഗത്തെ വിദഗ്ദ്ധർക്കുപോലും ഇപ്പോഴും വ്യക്തതയില്ല. രക്തം കട്ടപിടിക്കാൻ വൈകുന്നതുൾപ്പടെയുളള ഗുരുതര പ്രശ്നങ്ങൾ ഉണ്ടാവുമെന്നാണ് ചിലർ പറയുന്നത്. എന്നാൽ അത്രത്തോളം വലിയ പാർശ്വഫലങ്ങൾ ഉണ്ടാവില്ലെന്നാണ് മറ്റുളളവർ പറയുന്നത്.