കൊവിഡ് നിസാരക്കാരനല്ല, നാം അറിയാതെ നമ്മുടെ ജീവൻ അപകടത്തിലാകാം

ലോസ്ആഞ്ചലസ് : കൊവിഡ് 19 എന്ന മഹാമാരിയെ കുറിച്ചുള്ള ദുരൂഹതകൾ 10 മാസം പിന്നിട്ടിട്ടും മായുന്നില്ല. SARS - CoV -2 എന്ന വൈറസ് പടർത്തുന്ന കൊവിഡ് ബാധിച്ച രണ്ട് പേരിൽ രണ്ട് തരത്തിലാണ് ലക്ഷണങ്ങൾ കണ്ടുവരുന്നത്. ചിലർക്കാകട്ടെ ലക്ഷണങ്ങൾ ഒന്നും തന്നെ കാണുകയുമില്ല. എന്നാൽ ചിലർക്ക് വളരെ വൈകിയും ലക്ഷണങ്ങൾ പ്രകടമാകുന്നു.
കൊവിഡ് വൈറസ് ബാധിച്ച കുട്ടികളിലും യുവാക്കളിലും മൾട്ടിസിസ്റ്റം ഇൻഫ്ലമേറ്ററി സിൻഡ്രോം പ്രകടമാകുന്നുവെന്നാണ് ആദ്യം കണ്ടെത്തിയത്. എം.ഐ.എസ് - സി ( മൾട്ടിസിസ്റ്റം ഇൻഫ്ലമേറ്ററി സിൻഡ്രോം - ഇൻ ചിൽഡ്രൻ ) എന്നും ഇത് അറിയപ്പെടുന്നു. 21 വയസിൽ താഴെയുള്ളവർക്കാണ് ഇത് പ്രകടമാകുന്നത്. എന്നാൽ പിന്നീട് ഇത് മുതിർന്നവരിലും കണ്ടെത്തി. ഇതിനെ എം.ഐ.എസ് - എ ( മൾട്ടിസിസ്റ്റം ഇൻഫ്ലമേറ്ററി സിൻഡ്രോം - ഇൻ അഡൽറ്റ് ) എന്ന് വിശേഷിപ്പിക്കുന്നു.
കൊവിഡ് ബാധിച്ച് ശ്വാസകോശ സംബന്ധമായ ലക്ഷണങ്ങൾ പ്രകടമാകാത്ത കുട്ടികളിലും യുവാക്കളിലും എം.ഐ.എസ് - സി മാസങ്ങളോളം മറഞ്ഞുകിടക്കാം. പനി, വയറുവേദന, അതിസാരം, ഛർദ്ദി തുടങ്ങിയവ കൊവിഡ് ബാധയെ തുടർന്നുള്ള എം.ഐ.എസ് - സിയുടെ പ്രാരംഭ ലക്ഷണങ്ങളിൽ ഉൾപ്പെടുന്നു.കൊവിഡ് 19 മൂലമുണ്ടാകുന്ന എം.ഐ.എസ് - സിയുടെ പ്രധാന പ്രശ്നം എന്തെന്നാൽ രോഗിയിൽ ഗുരുതരമായ കോശജ്വലനത്തിന് (ഇൻഫ്ലമേഷൻ ) അല്ലെങ്കിൽ നീർക്കെട്ടിന് ഇടയാക്കുമെന്നുള്ളതാണ്.
ഇത് രോഗിയെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കാൻ കാരണമാകുന്നു. കൊവിഡ് ബാധിച്ച് മരിച്ച 21 വയസിൽ താഴെയുള്ളവരിൽ ഭൂരിഭാഗം പേരുടെയും ജീവൻ നഷ്ടമാകാൻ കാരണമായത് എം.ഐ.എസ് - സി ആണെന്ന് അമേരിക്കയിലെ സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷന്റെ പഠനങ്ങളിൽ വ്യക്തമാക്കുന്നു. ശ്വാസകോശ സംബന്ധമായ ലക്ഷണങ്ങൾ പ്രകടമാകാത്ത കൊവിഡ് മുതിർന്നവരിൽ എം.ഐ.എസ് - എയുടെ ഭാഗമായ ഹൃദയം, നാഡീ, ത്വക്ക്, ഉദര രോഗലക്ഷണങ്ങൾ പ്രകടമാകാം.
എന്തുകൊണ്ടാണ് കുട്ടികളിൽ ഇത്തരം ഗുരുതര ലക്ഷണങ്ങൾ കൊവിഡ് മൂലം ഉണ്ടാകുന്നു എന്നതിന് കൃത്യമായ ഉത്തരമില്ല. വൈറസിനെ ശരീരം സ്വയം പ്രതിരോധിക്കുന്നതിന്റെ ഫലമാകാമെന്ന് അഭിപ്രായം ഉണ്ട്. കൊവിഡിന് കാരണക്കാരായ കൊറോണ വൈറസിലുള്ള സൂപ്പർ ആന്റിജൻസ് എന്നറിയപ്പെടുന്ന പ്രോട്ടീനുകൾ മനുഷ്യശരീരത്തിലെ ടി - സെല്ലുകളിൽ അമിതമായ പ്രതികരണത്തിന് കാരണമാകുന്നതായി പഠനങ്ങൾ സൂചിപ്പിക്കുന്നു. രക്തസമ്മർദ്ദ നിയന്ത്രണം, രക്തം കട്ടപിടിക്കൽ തുടങ്ങിയവയിൽ പങ്കുള്ള ബ്രാഡികിനിൻ എന്ന പ്രോട്ടീൻ തന്മാത്രകളുടെ അളവ് കൂടി ബ്രാഡികിനിൻ സ്റ്റോം എന്ന അവസ്ഥയിലേക്ക് നയിക്കുന്നു.
ഇത് കൊവിഡ് രോഗികളിൽ രക്തസംബന്ധമായ പ്രശ്നങ്ങൾ മുതൽ ഹൃദയാഘാതത്തിലേക്ക് വരെ വഴിവയ്ക്കുന്നുവെന്ന് ഗവേഷകർ പറയുന്നു. കൊവിഡ് വൈറസുകളിലെ സൂപ്പർ ആന്റിജനുകളുടെ സാന്നിദ്ധ്യത്തെ പറ്റി കൂടുതൽ പഠനങ്ങൾ നടക്കുകയാണ്. സ്രവ പരിശോധനയിൽ കൊവിഡ് 19 ഫലം പോസിറ്റീവോ നെഗറ്റീവോ ആയാലും ഒരു പക്ഷേ, SARS - CoV -2 മനുഷ്യന്റെ കുടലിൽ മറഞ്ഞിരിക്കാമെന്നും മൾട്ടിസിസ്റ്റം ഇൻഫ്ലമേറ്ററി സിൻഡ്രോമിന്റെ രൂപത്തിലാകാം ഇവയെ പിന്നീട് കണ്ടെത്തുന്നതെന്നും ചില ഗവേഷകർ സംശയം പ്രകടിപ്പിക്കുന്നുണ്ട്.