വസ്ത്രധാരണം- ഫിൻലൻഡ് പ്രധാനമന്ത്രിക്കെതിരേ സൈബർ ആക്രമണം

അനശ്വരാ രാജൻ മാത്രമല്ല,വസ്ത്രത്തിന്റെ വലിപ്പം കുറച്ചു കുറഞ്ഞാൽ പ്രധാനമന്ത്രിയായാലും തങ്ങൾ ഇടപെടും എന്നാണ് സൈബർ ആക്രമണകാരികളുടെ നിലപാട്. സൗജന്യ ഉപദേശങ്ങളും ആക്രമണങ്ങളും ഭീഷണികളും സൈബറിടങ്ങളിൽ തുടർക്കഥയാവുകയാണ്. ലോകത്തെവിടെയായാലും ഇക്കാര്യത്തിൽ നടിയെന്നോ സാധാരണ സ്ത്രീയെന്നോ പ്രധാനമന്ത്രിയെന്നോ വ്യത്യാസമില്ലാതെ സൈബർ ആക്രമണകാരികൾ കയറി ഇടപെട്ടുകളയും എന്നു തന്നെയാണ് ഫിൻലൻഡ് പ്രധാനമന്ത്രി സന്നാ മരിന് ഉണ്ടായ അനുഭവവും സൂചിപ്പിക്കുന്നത്.
കഴുത്തിന് അൽപം ഇറക്കം കൂടിയ ബ്ലേസർ ധരിച്ചു നിൽക്കുന്ന ചിത്രം പങ്കുവച്ചതാണ് സന്നാ മരിന് സൈബർ ആക്രമണത്തിനിരയാവാൻ കാരണമായത്. മുപ്പത്തിനാലുകാരിയായ സന്നാ ഒരു ഫാഷൻ മാഗസിനു വേണ്ടി പോസ് ചെയ്ത ചിത്രമായിരുന്നു അത്. കവർ ഫോട്ടോഷൂട്ടിനായി കറുത്ത നിറത്തിലുള്ള ഇറക്കം കൂടിയ കഴുത്താർന്ന ബ്ലേസർ സന്നാ ധരിച്ചതാണ് സദാചാരക്കാരെ പ്രകോപിപ്പിച്ചത്. സന്നയെപ്പോലെ ഒരു പദവിയിലിരിക്കുന്ന വ്യക്തിക്ക് യോജിച്ച വസ്ത്രധാരണമല്ല ഇതെന്നു പറഞ്ഞാണ് ആക്രമണം ആരംഭിച്ചത്.
സന്നയുടെ വിശ്വാസ്യതയെ തകർക്കുന്ന ചിത്രമാണെന്നും ഇതൊരു പ്രധാനമന്ത്രിയോ അതോ മോഡലോ ആണോ എന്നുമൊക്കെ പോകുന്നു കമന്റുകൾ. ഇതിനിടെ സന്നയെ അനുകൂലിച്ചുംനിരവധി പേർ രംഗത്തെത്തി. സന്നയ്ക്കു സമാനമായി വസ്ത്രം ധരിച്ച് വസ്ത്രധാരണം ഒരാളുടെ നേട്ടങ്ങളെ ഇല്ലാതാക്കുന്നില്ലെന്നു പറഞ്ഞാണ് പലരും ചിത്രങ്ങൾ പങ്കുവച്ചത്.