ചതിയിൽ പെടുത്തി ലഹരിക്കടത്ത്; ഖത്തർ ജയിലിലുള്ള ഇന്ത്യൻ ദമ്പതികളെ ഖത്തർ കോടതി വെറുതെ വിട്ടു

ബന്ധുക്കളുടെ ചതിയിൽ പെട്ട് ലഹരിവസ്തു കൊണ്ടുവരികയും പിന്നീട് ഖത്തർ കസ്റ്റംസിന്‍റെ പിടിയിലകപ്പെട്ട് ജയിലിൽ കഴിഞ്ഞുവരികയും ചെയ്ത ഇന്ത്യൻ ദമ്പതികളെ വെറുതെ വിടാൻ ഖത്തർ കോടതി ഉത്തരവിട്ടു. ഇന്ന് രാവിലെയാണ് മുംബൈ സ്വദേശികളായ ദമ്പതികളെ വെറുതെവിട്ടു കൊണ്ട് അപ്പീല്‍ കോടതി വിധി പ്രഖ്യാപിച്ചത്. ഇവരുടെ നിരപരാധിത്തം തെളിയിക്കപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
10 വര്‍ഷം തടവുശിക്ഷയും ഒരു കോടി രൂപ പിഴയുമായിരുന്നു ദമ്പതികള്‍ക്ക് കോടതി വിധിച്ചിരുന്നത്. 2019 ജൂലൈയിലാണ് ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് മുംബൈ സ്വദേശികളായ മുഹമ്മദ് ഷരീഖിനെയും ഭാര്യ ഒനിബ ഖുറേഷിയെയും പൊലീസ് പിടികൂടുന്നത്. ഇവരുടെ ലഗേജില്‍ നിന്ന് 4.1 കിലോഗ്രാം ഹാഷിഷ് പൊലീസ് കണ്ടെത്തി. വിവാഹം കഴിഞ്ഞ് ഏതാനും മാസങ്ങള്‍ക്ക് ശേഷം മധുവിധു ആഘോഷിക്കാനായാണ് ദമ്പതികള്‍ ഖത്തറിലെത്തിയത്. ഹണിമൂണ്‍ സ്‌പോണ്‍സര്‍ ചെയ്ത ബന്ധു ഖത്തറിലുള്ള ഒരു സുഹൃത്തിന് കൈമാറാന്‍ വേണ്ടി ഇവരുടെ കൈവശം ഏല്‍പ്പിച്ച പാക്കറ്റിലായിരുന്നു ലഹരിമരുന്ന് ഉണ്ടായിരുന്നത്.
തന്റെ ആദ്യത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ച സമയത്താണ് ഒനിബയും ഭര്‍ത്താവും ഖത്തറിലെത്തിയതും പിന്നീട് ലഹരിമരുന്ന് കടത്തിയെന്ന കേസില്‍ ശിക്ഷിക്കപ്പെട്ടതും. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഖത്തറില്‍ വെച്ച് ഒനിബ തന്‍റെ ആദ്യത്തെ കുഞ്ഞിന് ജന്മം നല്‍കി. ഒരു വര്‍ഷം നീണ്ടുനിന്ന അന്വേഷണത്തിനൊടുവില്‍ മുംബൈ പൊലീസും നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും(എന്‍സിബി) ദമ്പതികള്‍ നിരപരാധികളാണെന്നും ബന്ധുവായ തബസ്സം ആണ് ഇവരെ കുരുക്കിലാക്കിയതെന്നും കണ്ടെത്തിയിരുന്നു.
ഖത്തറിലെ പ്രമുഖ മലയാളി അഭിഭാഷകനും സാമൂഹ്യ പ്രവർത്തകനുമായ അഡ്വ-നിസ്സാർ കൊച്ചേരിയാണ് ഇവർക്ക് വേണ്ട നിയമോപദേശങ്ങളും മറ്റ് സഹായങ്ങളും നൽകിയത്. ശാരിക്കും തബസ്സുമും തമ്മിൽ തമ്മിലുള്ള ഫോൺ സംഭാഷണത്തിന്‍റെ ശബ്ദ രേഖയും തെളിവായി ഹാജരാക്കി. തബസ്സും ഇവരെ ഖത്തർ സന്ദർശിക്കാനായി നിർബന്ധിക്കുന്നതും പുകയില പാക്കറ്റിന്‍റെ കാര്യം പറയുന്നതും ഓഡിയോയിൽ വ്യക്തമായിരുന്നു.എന്നാൽ ഈ തെളിവെല്ലാം ഹാജരാക്കിയിട്ടും കഴിഞ്ഞ വർഷം അപ്പീൽ കോടതി ഇവരുടെ അപേക്ഷ നിരസിച്ചിരുന്നു. പിന്നീട് ഇവർ പരമോന്നത കോടതിയെ സമീപിച്ചു. പിന്നീട് ഇന്ത്യൻ നോർകോട്ടിക് കൺട്രോൾ ബ്യൂറോ നടത്തിയ അന്വേഷണത്തിൽ പിതൃ സഹോദരി മയക്കുമരുന്ന് കടത്ത് റാക്കറ്റ് കണ്ണിയാണെന്ന് തെളിഞ്ഞതാണ് ഇവരുടെ മോചനത്തിനായുള്ള പോരാട്ടത്തിൽ വഴിത്തിരിവായത്. ഇതോടെ ഇന്ത്യൻ ആഭ്യന്തര മന്ത്രാലയവും വിദേശ മന്ത്രാലയവും വിഷയത്തിൽ ഇടപെട്ട് ആവശ്യമായ സഹായങ്ങൾ നൽകി.