ദുബൈ വിമാനത്താവളത്തില്‍ കുടുങ്ങിയവര്‍ക്ക് പ്രവേശന അനുമതി

ദുബൈ: ദുബൈ വിമാനത്താവളത്തില്‍ കുടുങ്ങിയ 300 യാത്രക്കാര്‍ക്ക് രാജ്യത്തേക്ക് പ്രവേശനം അനുവദിച്ചതായി യുഎഇ അധികൃതര്‍ അറിയിച്ചു. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിനേഴ്‍സ് അഫയേഴ്‍സ്, വിമാനത്താവളത്തിലെയും പാസ്‍പോര്‍ട്ട് വകുപ്പിലേയും ഉദ്യോഗസ്ഥര്‍ എന്നിവരെ ഉള്‍പ്പെടുത്തി പ്രത്യേക സംഘം രൂപീകരിച്ചാണ് നടപടികള്‍ക്ക് മേല്‍നോട്ടം വഹിച്ചത്.
നിബന്ധനകളിലുണ്ടായ പുതിയ മാറ്റമാണ് കഴിഞ്ഞ ദിവസം നിരവധി യാത്രക്കാര്‍ ദുബൈയില്‍ കുടുങ്ങാന്‍ കാരണമായത്. മറ്റ് എമിറേറ്റുകളില്‍ നിന്ന് ഇഷ്യൂ ചെയ്‍ത താമസ വിസയുള്ളവര്‍ ദുബൈ വിമാനത്താവളം വഴിയാണ് രാജ്യത്തേക്ക് പ്രവേശിക്കുന്നതെങ്കില്‍ അവരും മുന്‍കൂര്‍ യാത്രാ അനുമതി തേടിയിരിക്കണമെന്നതാണ് പുതിയ നിര്‍ദേശം. ഫെഡറല്‍ അതോരിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പിന്റെ (ഐ.സി.എ) അനുമതിയാണ് ഇവര്‍ വാങ്ങേണ്ടത്. വിമാനത്താവളത്തില്‍ കുടുങ്ങിയ 290 ഇന്ത്യക്കാരെയും രാത്രി തന്നെ താമസ സ്ഥലങ്ങളിലേക്ക് മടങ്ങാന്‍ അനുവദിച്ചുവെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതര്‍ അറിയിച്ചു.