സൗദി അറേബ്യക്ക് ആയുധങ്ങൾ കൈമാറാനൊരുങ്ങി യുഎസ്

സൗദി അറേബ്യക്കും യുഎഇയ്ക്കും മിസൈൽ പ്രതിരോധ സംവിധാനം വിൽക്കാൻ യു.എസ് വിദേശകാര്യ വകുപ്പിന്റെ അംഗീകാരം. 300 കോടി ഡോളറിനാണ് സൗദി അറേബ്യ പ്രതിരോധ ആയുധങ്ങൾ വാങ്ങുന്നത്. യുഎസ് പ്രസിഡണ്ട് ജോ ബൈഡന്റെ സൗദി സന്ദർശനത്തിന് പിന്നാലെയാണ് തീരുമാനം. കരാർ ഗൾഫ് മേഖലയുടെ സുരക്ഷക്ക് സഹായകരമാകുമെന്ന് പെന്റഗൺ അറിയിച്ചു. സൗദി അറേബ്യക്ക് ആയുധങ്ങൾ വിൽക്കില്ലെന്ന യുഎസ് പ്രസിഡണ്ട് മുമ്പ് പ്രഖ്യാപിച്ചിരുന്നു.
രണ്ട് പ്രധാന ആയുധ കരാറുകൾക്കാണ് യുഎസ് വിദേശ കാര്യ വകുപ്പിന്റെ അനുമതി. ഒന്ന്, സൗദി അറേബ്യക്ക് 300 മിസൈൽ പ്രതിരോധ ലോഞ്ചറുകൾ കൈമാറുക. ഈയിനത്തിൽ യുഎസിന് 300 കോടിയിലേറെ ഡോളർ ലഭിക്കും. അതിർത്തി കടന്നുള്ള ആക്രമണം സൗദിക്ക് തടയാനുമാകും. രണ്ടാമത്തേത് യുഎഇയുമായാണ്. 225 കോടി ഡോളറിന് യു.എ.ഇക്ക് താഡ് മിസൈൽ സംവിധാനവും നൽകും. 96 എണ്ണമാണ് നൽകുക. ഇതിനായി യുഎഇക്കുള്ള ചിലവ് 225 കോടി ഡോളറാണ്. പരീക്ഷണ സാമഗ്രികളും സ്പെയർ പാർട്സുകളും സാങ്കേതിക പിന്തുണയും ഉള്‍പ്പെടുന്നതാണ് കരാര്‍.