ഗൾഫിൽ ഇന്ത്യൻ ഏലത്തിന്റെ ആവശ്യം കുറഞ്ഞതായി റിപ്പോർട്ടുകൾ

ഗൾഫ് രാജ്യങ്ങളിൽ ഏറെ ആവശ്യമുള്ള ഇന്ത്യൻ ഏലത്തിന് വൻ തിരിച്ചടി. ഗ്വാട്ടിമാല, ടാൻസാനിയ തുടങ്ങിയ രാജ്യങ്ങളിൽനിന്ന് കുറഞ്ഞ വിലയിൽ ഗൾഫ് രാജ്യങ്ങളിലേക്ക് ഏലത്തിന്റെ ഇറക്കുമതി കൂടിയതാണ് ഇന്ത്യൻ ഏലത്തിന് ആവശ്യം കുറഞ്ഞത്. ഇതോടെ രാജ്യത്തെ ഏലം ഉത്പാദകരും കയറ്റുമതിക്കാരും പ്രതിന്ധിയിലായി. ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്ന 55 ശതമാനത്തോളം ഏലം കയറ്റുമതി ചെയ്യുന്നത് ഗൾഫ് രാജ്യങ്ങളിലേക്കാണ്.
അമിത കീടനാശിനി പ്രയോഗം പല രാജ്യങ്ങളും ഇന്ത്യയിൽ നിന്നുള്ള ഏലം ഇറക്കുമതിക്ക് നിരോധനം കൊണ്ടുവന്നിരുന്നു. ഈ അവസരം പ്രയോജനപ്പെടുത്തിയാണ് മറ്റു രാജ്യങ്ങൾ ഗൾഫ് വിപണിയിൽ സാന്നിധ്യം ശക്തമാക്കിയത്. ഗുണമേന്മ കൂടിയ ജൈവ ഏലം ഇന്ത്യയേക്കാൾ കുറഞ്ഞ വിലയിലാണ് ഗ്വാട്ടിമാല, ടാൻസാനിയ തുടങ്ങിയ ഏലം ഉത്പാദക രാജ്യങ്ങൾ നൽകുന്നത്. കൂടാതെ ഈ രാജ്യങ്ങളിൽ ഉത്പാദനം ഉയർന്നതും ഇന്ത്യയ്ക്ക് തിരിച്ചടിയായിട്ടുണ്ട്.