സൂഖ് വാഖിഫ് ഈത്തപ്പഴ മേളക്ക് ഇന്ന് മുതൽ തുടക്കം

ദോഹ: ഈത്തപ്പഴ സീസണ് വരവേൽപായി രാജ്യത്തെ ശ്രദ്ധേയമായ സൂഖ് വാഖിഫ് ഈത്തപ്പഴ വിൽപനമേളക്ക് ബുധനാഴ്ച തുടക്കം. ഏഴാമത് മേളക്കാണ് ഇത്തവണ സൂഖ് വാഖിഫ് വേദിയാകുന്നത്.
മുനിസിപ്പാലിറ്റി മന്ത്രാലയത്തിനു കീഴിലെ കാർഷിക വിഭാഗവും സൂഖ് വാഖിഫ് സർവിസ് സെൻററും ചേർന്നാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള സന്ദർശകർ പങ്കാളികളാകുന്ന മേളയുടെ സംഘാടകർ. ആഗസ്റ്റ് 10വരെ മേള നീണ്ടുനിൽക്കും. പ്രാദേശിക ഫാമുകളിൽനിന്നുള്ള വൈവിധ്യമാർന്ന ഈത്തപ്പഴ ശേഖരമാണ് മേളയുടെ ആകർഷണം. പ്രാദേശിക ഉൽപന്നങ്ങൾക്കും കർഷകർക്കും പിന്തുണ നൽകുകയും വിപണി കണ്ടെത്തുകയും രാജ്യന്തര ശ്രദ്ധയിലെത്തിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് എല്ലാ വർഷവും ഇൗത്തപ്പഴ വിപണനമേള നടത്തുന്നത്.