വിദേശ തൊഴിലാളികൾക്ക് 'ഹുറൂബ്' മാറ്റാൻ 15 ദിവസം അനുവദിച്ച് സൗദി

ഹുറൂബ് അഥവാ ഒളിച്ചോടിയതായി രേഖപ്പെടുത്തിയ വിദേശ തൊഴിലാളികൾ സ്പോൺസർഷിപ്പ് മാറ്റ നടപടികൾ 15 ദിവസത്തിനകം പൂർത്തിയാക്കണമെന്ന് അറിയിച്ച് സൗദി മാനവവിഭവശേഷി മന്ത്രാലയം. ഈ സമയപരിധിക്കുള്ളിൽ ട്രാൻസ്ഫർ നടപടികൾ പൂർത്തിയാക്കാത്ത പക്ഷം തൊഴിലാളി ഹുറൂബിൽ തന്നെ തുടരുമെന്നും മന്ത്രാലയം അറിയിച്ചു.
സൗദിയിലെ തൊഴിൽ നിയമങ്ങളിൽ വരുത്തിയ പരിഷ്‌കരണങ്ങളുടെ ഭാഗമായാണ് മന്ത്രാലയം വിശദീകരണം നൽകിയിരിക്കുന്നത്. ജോലിയിൽ നിന്നും വിട്ട് നിൽക്കുന്നതായി തൊഴിലുടമ റിപ്പോർട്ട് ചെയ്ത വിദേശ തൊഴിലാളികളുടെ സ്പോൺസർഷിപ്പ് മാറ്റത്തിനാണ് പരമാവധി പതിനഞ്ച് ദിവസം അനുവദിക്കുകയെന്ന് മാനവവിഭവശേഷി മന്ത്രാലയം അറിയിച്ചു.
സ്പോൺസർഷിപ്പ് മാറുമ്പോൾ തൊഴിലാളിയുടെ പേരിൽ നിലവിലുള്ള കുടിശ്ശിക അടക്കം പുതിയ സ്പോൺസർ ഏറ്റെടുക്കേണ്ടി വരും. ഹുറൂബ് രേഖപ്പെടുത്തിയത് മുതൽ പഴയ സ്പോൺസർക്ക് തൊഴിലാളിയുടെ മേൽ യാതൊരു ബാധ്യതയും നിലനിൽക്കില്ലെന്നും മന്ത്രാലയം അറിയിച്ചു.