കുവൈത്ത് തെരഞ്ഞെടുപ്പ്; സ്ഥാനാർഥികൾ അവസാനവട്ട പ്രചാരണത്തിൽ

വീണ്ടും ജനവിധിക്കൊരുങ്ങുകയാണ് കുവൈത്ത്. പരിമിത ജനായത്ത സാധ്യതകൾ ഫലപ്രദമായി ഉപയോഗപ്പെടുത്താനുള്ള തിടുക്കത്തിലാണ് സ്ഥാനാർഥികൾ.1962 മുതൽ ആരംഭിച്ച ഭാഗിക ജനായത്ത സാധ്യതകൾ കുവൈത്തിനെ മറ്റ് ഗൾഫ് രാജ്യങ്ങളിൽ നിന്ന് ന്യായമായും മാറ്റി നിർത്തുന്ന ഘടകമാണ്. അഭിപ്രായ ഭിന്നതകളെ തുടർന്ന് അടിക്കടി പാർലമെൻറ് പിരിച്ചു വിടുന്നതും തുടർച്ചയായ ഇലക്ഷനുകളും വലിയ ദൗർബല്യമായി കാണുന്നവരുണ്ട്. ഒമ്പതു തവണയാണ് ഇതിനകം പാർലമെൻറ് പിരിച്ചു വിട്ടത്. എന്നാൽ നാലു വർഷ കാലയളവ് പൂർത്തീകരിച്ച നിരവധി സന്ദർഭങ്ങളുമുണ്ട്.
സ്ത്രീ ശാക്തീകരണം ഉൾപ്പെടെയുള്ള മേഖലകളിൽ ഏറെ മുന്നോട്ടു പോകാൻ കുവൈത്ത് ജനായത്ത ഘടനക്ക് സാധിച്ചുവെന്ന വിലയിരുത്തലും ശക്തമാണ്. ഇക്കുറി മൽസരിക്കുന്നവരിൽ 27 വനിതകളും ഉൾപ്പെടും. കുവൈത്തിന്റെ ഭാവി രാഷ്ട്രീയ മുന്നേറ്റത്തിൽ സ്ത്രീകൾ ഉൾപ്പെടെ എല്ലാ വിഭാഗങ്ങളുടെയും പ്രാതിനിധ്യവും പങ്കാളിത്തവും ഉയരണമെന്ന വികാരം തന്നെയാണ് പൊതുവെയുള്ളത്.