ബഹ്റൈനിൽ ഇന്ത്യൻ എംബസി ഓപൺ ഹൗസ് സംഘടിപ്പിച്ചു

ബഹ്റൈനിൽ ഇന്ത്യൻ എംബസി ഓപൺ ഹൗസ് സംഘടിപ്പിച്ചു.ഐ.സി.ആർ.എഫ്, വേൾഡ് എൻ.ആർ.ഐ കൗൺസിൽ, ബഹ്റൈൻ കേരളീയ സമാജം, ഐ.എച്ച്.ആർ.സി തുടങ്ങിയ സംഘടനകളുടെ പ്രതിനിധികളും ഓപൺ ഹൗസിൽ പങ്കെടുത്തു. ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ എംബസിയിൽ നടത്തിയ പതാക ഉയർത്തൽ ചടങ്ങിലും വൈകീട്ട് നടന്ന വിരുന്നിലും വലിയതോതിലുള്ള പങ്കാളിത്തമുണ്ടായതിൽ അംബാസർ പിയൂഷ് ശ്രീവാസ്ത സന്തോഷം പ്രകടിപ്പിച്ചു.
സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ അംബാസഡർ എം.സി.എസ്.സി ലേബർ ക്യാമ്പ് സന്ദർശിക്കുകയും 800ലധികം വരുന്ന ഇന്ത്യൻ തൊഴിലാളികളുമായും കമ്പനി മാനേജ്മെന്‍റുമായും സംവദിക്കുകയും ചെയ്തു. ജൗ ജയിൽ സന്ദർശിച്ച എംബസി ഉദ്യോഗസ്ഥർ അന്തേവാസികളുമായി സംസാരിക്കുകയും മധുരപലഹാരങ്ങൾ നൽകുകയും ചെയ്തു. ഇന്ത്യൻ പ്രവാസികളുമായി ബന്ധപ്പെട്ട വിവിധ പ്രശ്നങ്ങളിൽ പരിഹാരം കാണാൻ സഹായിച്ച ബഹ്റൈൻ തൊഴിൽ മന്ത്രാലയം, ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ), ഇമിഗ്രേഷൻ അധികൃതർ, ഇന്ത്യൻ അസോസിയേഷനുകൾ, വളന്റിയർമാർ തുടങ്ങിയവരെ അംബാസഡർ അഭിനന്ദിച്ചു.