യു.എ.ഇ പ്രസിഡൻറ് വ്ളാഡ്മിർ പുടിനുമായി ചർച്ച നടത്തി

യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ റഷ്യൻ പ്രസിഡൻറ് വ്ളാഡ്മിർ പുടിനുമായി ചർച്ച നടത്തി. റഷ്യയിലെ സെൻറ് പീറ്റേഴ്സ് ബർഗിലായിരുന്നു കൂടിക്കാഴ്ച. സംഘർഷത്തിന് നയതന്ത്രവഴികളിലൂടെയുള്ള പരിഹാരം തന്നെയാണ് അഭികാമ്യമെന്ന സന്ദേശം യു.എ.ഇ പ്രസിഡൻറ്, റഷ്യൻ പ്രസിഡൻറിനെ ഓർമിപ്പിച്ചു.
യുക്രൈൻ യുദ്ധം ഏറെ സങ്കീർണമായ ഒരു ഘട്ടത്തിലാണ് യു.എ.ഇ പ്രസിഡൻറും റഷ്യൻ പ്രസിഡൻറും തമ്മിൽ ചർച്ച നടന്നത്. ആഗോള സമാധാനമാണ് പ്രധാനമെന്നും അതിന് നയതന്ത്ര പ്രശ്ന പരിഹാരമാണ് വേണ്ടതെന്നും കൂടിക്കാഴ്ച്ചാ വേളയിൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ പുടിനെ അറിയിച്ചു. ലോകം അഭിമുഖീകരിക്കുന്ന ഗുരുതര സമസ്യകൾ സംബന്ധിച്ച് ഇരു നേതാക്കളും നിലപാടുകൾ പങ്കുവെച്ചു. പ്രാദേശികവും അന്തർദേശീയവുമായ നിരവധി വിഷയങ്ങൾ ചർച്ചയായി. തുറന്ന ചർച്ചകളിലൂടെ മാത്രമേ സംഘർഷങ്ങൾ പരിഹരിക്കാൻ സാധിക്കൂ എന്ന യുഎ.ഇയുടെ പ്രഖ്യാപിത നിലപാട് പുടിനു മുമ്പാകെ യു.എ.ഇ പ്രസിഡൻറ് പങ്കുവെച്ചു.