ബോർഡിങ് പാസിന്റെ ചിത്രം സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കരുതെന്ന് മുന്നറിയിപ്പ് നൽകി ദുബൈ പൊലീസ്

ദുബൈ: വേനലവധി ആഘോഷിക്കാനായി യാത്ര ചെയ്യുന്നവർ ബോർഡിങ് പാസിന്റെ ചിത്രം സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കരുതെന്ന് മുന്നറിയിപ്പ് നൽകി ദുബൈ പൊലീസ്.
പൊലീസിന്റെ ഇ-ക്രൈം സർവിസിൽനിന്ന് സമൂഹ മാധ്യമങ്ങൾ വഴിയുള്ള തട്ടിപ്പും ഹാക്കിങ് ശ്രമങ്ങളുമായി ബന്ധപ്പെട്ട് പ്രതിദിനം നൂറിനും ഇരുന്നൂറിനും ഇടക്ക് റിപ്പോർട്ടുകൾ ലഭിക്കുന്നുണ്ടെന്ന് ദുബൈ പൊലീസിലെ സൈബർ ഇൻവെസ്റ്റിഗേഷൻ വിഭാഗം ഡയറക്ടർ കേണൽ സഈദ് അൽ ഹജ്രി പറഞ്ഞു. ബോർഡിങ് പാസിന്റെ ചിത്രം പരസ്യമാക്കുന്നതു വഴി നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ സംഘടിപ്പിക്കാൻ കഴിയുമെന്ന് പൊലീസ് ചൂണ്ടിക്കാട്ടി.
സൈബർ കുറ്റകൃത്യങ്ങൾ സംബന്ധിച്ച് പൊതുജനങ്ങൾക്ക് പരാതിപ്പെടാനുള്ള ദുബൈ പൊലീസിന്റെ ഇ-ക്രൈം പ്ലാറ്റ്ഫോമാണ് www.ecrime.ae. പാസ്പോർട്ട്, തിരിച്ചറിയൽ കാർഡ്, ടിക്കറ്റ്, ബോർഡിങ് പാസ് എന്നിവയിൽനിന്ന് വളരെയധികം വിവരങ്ങൾ തട്ടിപ്പുകാർക്ക് ലഭിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.