കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്, പത്രിക സമര്‍പ്പിക്കാനുള്ള സമയം ഇന്ന് അവസാനിക്കും

ഡൽഹി: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പണത്തിനുള്ള സമയം ഇന്ന് അവസാനിക്കും. എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ പേരും അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണനയിലുണ്ട്. ദിഗ് വിജയ് സിങ്, ശശി തരൂർ എന്നിവർ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും.
നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം ഇന്ന് മൂന്ന് മണിക്ക് അവസാനിക്കാനിരിക്കെ നിർണായക ചർച്ചകളുടെ പിരിമുറുക്കത്തിലാണ് ഡൽഹി. നെഹ്റു കുടുംബത്തിന്റെ പിന്തുണയുള്ള അപ്രതീക്ഷിത സ്ഥാനാർഥി ഉണ്ടാകും എന്നാണ് വിവരം. പ്രിയങ്ക ഗാന്ധിയുടെ പേര് പരിഗണിക്കുന്നുണ്ട്.
ഇന്നലെ രാത്രി ഏറെ വൈകി പ്രിയങ്ക ഗാന്ധിയുടെ വസതിയിലെത്തി സോണിയ ഗാന്ധി കൂടിക്കാഴ്ച നടത്തി. ഔദ്യോഗിക സ്ഥാനാർഥിയായി വിശ്വസ്തർ ഇല്ലാത്ത പ്രത്യേക സാഹചര്യത്തിലാണ് പ്രിയങ്ക ഗാന്ധിയെ പരിഗണിക്കുന്നത്. മല്ലികാർജുൻ ഖാർഗെ, മുകുൾ വാസ്നിക്, മീരാ കുമാർ എന്നിവരും നാമനിർദേശ പത്രിക നൽകിയേക്കും. ദിഗ് വിജയ് സിങും ശശി തരൂരും ഒരു മണിക്ക് മുൻപ് പത്രിക സമർപ്പിക്കും.