വിശ്വാസത്തോടൊപ്പം ശാസ്ത്രത്തിന്റെയും ഗവേഷണത്തിന്റെയും പാരമ്പര്യം പുനരുജ്ജീവിപ്പിച്ച് പുതിയ ഇന്ത്യ മുന്നോട്ട് പോകുകയാണെന്ന് പ്രധാനമന്ത്രി

ഉജ്ജയിൻ: വിശ്വാസത്തോടൊപ്പം ശാസ്ത്രത്തിന്റെയും ഗവേഷണത്തിന്റെയും പാരമ്പര്യം പുനരുജ്ജീവിപ്പിച്ച് പുതിയ ഇന്ത്യ മുന്നോട്ട് പോകുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. മധ്യപ്രദേശിലെ ഉജ്ജയിനി ആയിരക്കണക്കിന് വർഷങ്ങളായി ഇന്ത്യയുടെ അഭിവൃദ്ധിക്കും വിജ്ഞാനത്തിനും നേതൃത്വം നൽകിയ നഗരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മഹാകാലേശ്വർ ക്ഷേത്രത്തിൽ പൂജ നടത്തി 856 കോടി രൂപയുടെ ‘മഹാകൽ ലോക്’ ഇടനാഴി പദ്ധതിയുടെ ആദ്യഘട്ടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മോദി.
'മഹാകാൽ ലോക'ത്തിന്റെ മഹത്വം വരും തലമുറകൾക്ക് 'സാംസ്‌കാരികവും ആത്മീയവുമായ അവബോധം' നൽകുമെന്ന് അദ്ദേഹം പറഞ്ഞു. "ഹർ ഹർ മഹാദേവ്" എന്ന് പറഞ്ഞുകൊണ്ടാണ് മോദി തന്റെ പ്രസംഗം ആരംഭിച്ചത്, "മഹാദേവന്റെ കീഴിൽ ഒന്നും സാധാരണമല്ല, ഉജ്ജയിനിയിൽ എല്ലാം ഉദാത്തവും അവിസ്മരണീയവും അവിശ്വസനീയവുമാണ്".അദ്ദേഹം വ്യക്തമാക്കി. പുതിയ ഇന്ത്യ അതിന്റെ പൗരാണിക മൂല്യങ്ങളുമായി മുന്നേറുമ്പോൾ, വിശ്വാസത്തോടൊപ്പം ശാസ്ത്രത്തിന്റെയും ഗവേഷണത്തിന്റെയും പാരമ്പര്യത്തെ പുനരുജ്ജീവിപ്പിക്കുക കൂടിയാണെന്ന് അദ്ദേഹം പറഞ്ഞു. ആത്മീയത എല്ലാ കണികകളിലും അടങ്ങിയിരിക്കുന്നു, ഉജ്ജയിനിയുടെ എല്ലാ കോണുകളിലും ദൈവിക ഊർജ്ജം പ്രസരിപ്പിക്കപ്പെടുന്നു. ഉജ്ജയിനി ആയിരക്കണക്കിന് വർഷങ്ങളായി ഇന്ത്യയുടെ അഭിവൃദ്ധിയെയും വിജ്ഞാനത്തെയും അന്തസ്സിനെയും സാഹിത്യത്തെയും നയിച്ച നഗരമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.