ബംഗാളില്‍ സര്‍വകലാശാലകളുടെ ചാന്‍സലറായി മുഖ്യമന്ത്രിയെ നിയമിക്കുന്ന ബില്‍ നിയമസഭ പാസാക്കി

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ സംസ്ഥാനസര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 17 സര്‍വകലാശാലകളുടെ ചാന്‍സലറായി മുഖ്യമന്ത്രിയെ നിയമിക്കുന്ന ബില്‍ നിയമസഭ തിങ്കളാഴ്ച പാസാക്കി. പ്രതിപക്ഷകക്ഷിയായ ബിജെപിയുടെ കടുത്ത പ്രതിഷേധത്തിനിടയിലാണ് ഗവര്‍ണറില്‍ നിന്ന് ചുമതല മുഖ്യമന്ത്രിയിലേക്ക് മാറ്റുന്ന ബില്‍ നിയമസഭ പാസാക്കിയത്.
182 സഭാംഗങ്ങള്‍ ബില്ലിനെ അനുകൂലിച്ച് വോട്ടുചെയ്തു. 40 പ്രതിപക്ഷ എംഎല്‍എമാര്‍ ബില്ലിനെ പ്രതികൂലിച്ചു. 294 അംഗങ്ങളുള്ള ബംഗാള്‍ നിയമസഭയില്‍ ബിജെപിയ്ക്ക് 70 അംഗങ്ങളും തൃണമുല്‍ കോണ്‍ഗ്രസിന് 217 അംഗങ്ങളുമാണുള്ളത്. പ്രതിപക്ഷനേതാവ് സുവേന്ദു അധികാരിയേയും ആറ് ബിജെപി എംഎല്‍എമാരേയും അച്ചടക്കലംഘനത്തെ തുടര്‍ന്ന് നിയമസഭാനടപടികളില്‍ നിന്ന് വിലക്കിയിരിക്കുകയാണ്. ഇവര്‍ നിയമസഭയ്ക്ക് പുറത്ത് പുതിയബില്ലിനെതിരെയും ഇവര്‍ക്കേര്‍പ്പെടുത്തിയ വിലക്കിനെതിരെയും പ്രതിഷേധിച്ചിരുന്നു.