അയോഗ്യത ചോദ്യം ചെയ്ത് ശിവസേനാ വിമതർ സുപ്രീംകോടതിയിൽ

ഡൽഹി: അയോഗ്യത കല്പിക്കാനുള്ള ഔദ്യോഗിക വിഭാഗത്തിന്റെ ആവശ്യം അംഗീകരിച്ച ഡെപ്യൂട്ടി സ്പീക്കർ നർഹരി സിർവാളിന്റെ നടപടി ചോദ്യം ചെയ്‌ത് ഗുവാഹത്തിയിലുള്ള 16 ശിവസേനാ വിമതർ സുപ്രീംകോടതിയെ സമീപിച്ചു. ഹർജി ഇന്ന് അവധിക്കാല ബെഞ്ച് പരിഗണിക്കും. അതിനിടെ മകൻ ആദിത്യ താക്കറെ ഒഴികെ എല്ലാ കാബിനറ്റ് മന്ത്രിമാരും വിമത ക്യാമ്പിലേക്ക് നീങ്ങിയത് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്‌ക്ക് തിരിച്ചടിയായി. വിമത വിഭാഗത്തെ അനുനയിപ്പിക്കാൻ ഉദ്ധവ് ശ്രമം തുടരുന്നു.
ചീഫ് വിപ്പ് വിളിച്ച യോഗത്തിൽ പങ്കെടുക്കാത്തത് ചൂണ്ടിക്കാട്ടിയാണ് 16 വിമത എം.എൽ.എമാർക്കെതിരെ ഡെപ്യൂട്ടി സ്‌പീക്കർ അയോഗ്യതാ നോട്ടീസ് അയച്ചത്. ഇതിന് സാധുതയില്ലെന്ന് ചൂണ്ടിക്കാട്ടിയ വിമതർ, ഔദ്യോഗിക വിഭാഗം നോമിനി അജയ് ചൗധരിയെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തതിന് അംഗീകാരം നൽകിയതും ചോദ്യം ചെയ്യുന്നു. തങ്ങൾക്ക് മൂന്നിൽ രണ്ട് ഭൂരിപക്ഷമുണ്ടെന്ന വാദവും ഉന്നയിക്കും.