ജാർഖണ്ഡിൽ ബസ് പാലത്തിൽനിന്ന് താഴേയ്ക്ക് മറിഞ്ഞ് ഏഴുപേർ മരിച്ചു

റാഞ്ചി: ജാർഖണ്ഡിലെ ഹസാരിബാഗ് ജില്ലയിൽ ബസ് പാലത്തിൽനിന്ന് താഴെക്ക് മറിഞ്ഞ് അപകടം. സംഭവത്തിൽ ഏഴുപേർ മരിക്കുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ശനിയാഴ്ച ഉച്ചതിരിഞ്ഞായിരുന്നു അപകടം.
ഗിരിധിയിൽ നിന്ന് റാഞ്ചിയിലേക്ക് അന്പതോളം യാത്രക്കാരുമായി വരികയായിരുന്ന ബസ് ശിവാനിനദിക്കു കുറുകേയുള്ള പാലത്തിൽനിന്ന് നദിക്കരയിലേക്കു പതിക്കുകയായിരുന്നു. ബസിനുള്ളിൽ കുടുങ്ങിക്കിടക്കുന്ന ആളുകളെ രക്ഷിക്കാനുള്ള ശ്രമം രാത്രിവരെ തുടർന്നു. ഗുരുതരമായി പരിക്കേറ്റ ഏതാനുംപേരെ റാഞ്ചിയിലെ രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്കു മാറ്റിയതായി അധികൃതർ അറിയിച്ചു.
ബസ് അപകടത്തിലെ ജീവഹാനിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി. അപകടത്തിൽ പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം പ്രാർത്ഥിച്ചു.