ശ്രീലങ്കയിലെ കലാപം; ഇന്ത്യയിലേക്ക് അഭയാർത്ഥി പ്രവാഹത്തിന് സാധ്യത

സാമ്പത്തിക പ്രതിസന്ധിയെ തുടർന്നുളള ജനകീയ പ്രതിഷേധത്തിൽ കലാപകലുഷിതമായ ശ്രീലങ്കയിൽ നിന്ന് ഇന്ത്യയിലേക്ക് അഭയാർത്ഥി പ്രവാഹത്തിന് സാധ്യതയെന്ന് റിപ്പോർട്ട്. തമിഴ്‌നാട് ക്യൂ ബ്രാഞ്ചാണ് ഇത് സംബന്ധിച്ച ജാഗ്രതാ നിർദേശം നൽകിയത്. ഇതോടെ അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കി.
വരും ദിവസങ്ങളിൽ ശ്രീലങ്കയിലെ തലൈ മാന്നാറിൽ നിന്നും ധാരാളം അഭയാർത്ഥികൾ ഇന്ത്യയിലേക്ക് പ്രവഹിക്കുമെന്നാണ് റിപ്പോർട്ട്. തമിഴ്‌നാട്ടിലും കേരളത്തിലേക്കും ഇവർ എത്തുമെന്നാണ് കരുതുന്നത്. ഇതിനെ തുടർന്ന് രാമേശ്വരം അടക്കമുള്ള സ്ഥലങ്ങളിൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. നിലവിൽ ലങ്കയിലെ സ്ഥിതിഗതികളിൽ ഇന്ത്യ ഔദ്യോഗിക പ്രതികരണമൊന്നും നടത്തിയിട്ടില്ല.
ഇന്ധനവും ഭക്ഷണവും ഇല്ലാതായതിനെ തുടർന്ന് വലിയ പ്രതിഷേധത്തിലായ ശ്രീലങ്കൻ ജനത ശനിയാഴ്ചയാണ് പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയുടെയും വസതികൾ കയ്യേറിയത്. പതിനായിരക്കണക്കിന് പ്രക്ഷോഭകർ ഔദ്യോഗിക മന്ദിരത്തിലേക്ക് പാഞ്ഞെത്തിയതോടെ പ്രസിഡന്റ് ഗോതബയ രജപക്‌സെ വസതി ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു.