രാജ്യസഭാ തെരഞ്ഞെടുപ്പ്: കപിൽ സിബലടക്കം 41 പേർ എതിരില്ലാതെ വിജയിച്ചു

ന്യൂഡൽഹി: സമാജ്‍വാദി പാർട്ടി പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ച മുൻ കോൺഗ്രസ് നേതാവ് കപിൽ സിബലുൾപ്പെടെ 41 പേർ എതിരില്ലാതെ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസിലെ പി. ചിദംബരം, രാജീവ് ശുക്ല, ബി.ജെ.പിയുടെ സുമിത്ര വാത്മീകി, കവിത പാഠീദാർ, ആർ.ജെ.ഡിയുടെ മിസ ഭാരതി, ആർ.എൽ.ഡിയുടെ ജയന്ത് ചൗധരി എന്നിവരടക്കം 41 പേരാണ് രാജ്യസഭാ എം.പി സ്ഥാനം ഉറപ്പാക്കിയത്.
യുപി (11), തമിഴ്നാട് (ആറ്), ബിഹാർ (അഞ്ച്), ആന്ധ്രപ്രദേശ് (നാല്), മധ്യപ്രദേശ് (മൂന്ന്), ഒഡീഷ (മൂന്ന്),തെലുങ്കാന (രണ്ട്), ഛത്തീസ്ഗഡ് (രണ്ട്), പഞ്ചാബ് (രണ്ട്), ജാർഖണ്ഡ് (രണ്ട്), ഉത്തരാഖണ്ഡ് (ഒന്ന്) എന്നിങ്ങനെയാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടവർ. ചിദംബരം തമിഴ്നാട്ടിൽനിന്നും കപിൽ സിബൽ യുപിയിൽനിന്നുമാണ് തെരഞ്ഞെടുക്കപ്പെട്ടത്.
വൈഎസ്ആർ കോൺഗ്രസ് (4), സമാജ്‍വാദി പാർട്ടി (3), ഡിഎംകെ (3), ബിജെഡി (3), ആർജെഡി (2), ആം ആദ്മി പാർട്ടി (2), അണ്ണാ ഡിഎംകെ (2), ടിആർഎസ് (2), ജെഡിയു (1), ശിവസേന (1), എൻസിപി (1), ജെഎംഎം (1) എന്നിങ്ങനെയാണു മറ്റു കക്ഷികൾ നേടിയ സീറ്റുകൾ. മഹാരാഷ്ട്ര, ഹരിയാന, കർണാടക, രാജസ്ഥാൻ എന്നിവിടങ്ങളിൽ ഓരോ സീറ്റിലേക്കു വീതം ഈ മാസം 10നു തിരഞ്ഞെടുപ്പു നടക്കും.