ഗുജറാത്ത് തിരഞ്ഞെടുപ്പ് 2 ഘട്ടം - ഡിസംബർ 1, 5; ഫലം 8ന്

ന്യൂഡൽഹി ∙ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് 2 ഘട്ടങ്ങളിലായി ഡിസംബർ ഒന്നിനും അഞ്ചിനും നടക്കും. വോട്ടെണ്ണൽ ഡിസംബർ 8ന്. ഈ മാസം 12ന് വോട്ടെടുപ്പു നടക്കുന്ന ഹിമാചൽപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലും അന്നു തന്നെയാണ്.
ഒന്നാം ഘട്ടത്തിൽ 89 നിയോജക മണ്ഡലങ്ങളിലും രണ്ടാം ഘട്ടത്തിൽ 93 മണ്ഡലങ്ങളിലുമാണ് തെരഞ്ഞെടുപ്പു നടക്കുക. രണ്ടു ഘട്ടങ്ങളിലായി നാലുകോടിയിലധികം ആളുകൾ വോട്ട് രേഖപ്പെടുത്തും. ഗുജറാത്തിൽ മോർബി പാലം തകർന്നു മരിച്ചവർക്ക് അനുശോചനം അറിയിച്ച മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർ രാജീവ് കുമാർ തീയതികൾ പ്രഖ്യാപിക്കുന്നത് വൈകിയതിന് അപകടം കാരണമായെന്നും കൂട്ടിച്ചേർത്തു.
ഗുജറാത്ത് നിയമസഭയുടെ കാലാവധി കഴിയുന്നതിനു 110 ദിവസം മുന്പാണ് പ്രഖ്യാപനം നടത്തിയിരിക്കുന്നതെന്നു കമ്മീഷൻ വിശദീകരിച്ചു. ഫെബ്രുവരി പതിനെട്ടിനേ നിയമസഭയുടെ കാലാവധി കഴിയൂ. അതിനാൽ പ്രഖ്യാപനം വൈകിയെന്ന ആരോപണത്തിൽ കഴന്പില്ലെന്നാണു കമ്മീഷന്റെ ന്യായീകരണം.ഹിമാചൽപ്രദേശ് തിരഞ്ഞെടുപ്പ് കഴിഞ്ഞ മാസം 14നാണ് പ്രഖ്യാപിച്ചത്. അന്ന് ഗുജറാത്ത് തിരഞ്ഞെടുപ്പു പ്രഖ്യാപിക്കാതിരുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അവിടെ കൂടുതൽ വികസന പദ്ധതികൾ വാഗ്ദാനം ചെയ്യാനാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. വ്യോമസേനയുടെ ചരക്കു വിമാന നിർമാണശാല ഉൾപ്പെടെ 15,000 കോടി രൂപയുടെ പദ്ധതികൾക്ക് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ഗുജറാത്തിൽ തുടക്കം കുറിച്ചു. എന്നാൽ, ആരോപണം മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ രാജീവ് കുമാർ നിഷേധിച്ചു