ഗുജറാത്ത് തെരഞ്ഞെടുപ്പ്; പ്രചാരണം കൊഴുപ്പിച്ച് രാഷ്ട്രീയ പാർട്ടികള്‍

അഹമ്മദാബാദ്: ഡിസംബര്‍ ഒന്നിന് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന ഗുജറാത്തില്‍ പ്രചാരണം കൊഴുപ്പിച്ച് പ്രമുഖ പാർട്ടികളുടെ നേതാക്കളെല്ലാം ഒരേസമയം രംഗത്ത്. ബി.ജെ.പിക്കായി പ്രധാനമന്ത്രി നരേന്ദ്രമോദിയും കോണ്‍ഗ്രസിനായി രാഹുല്‍ ഗാന്ധിയും സജീവമായി പ്രചാരണരംഗത്തുണ്ട്. ഡല്‍ഹി മുഖ്യമന്ത്രിയും ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലാണ് ആം ആദ്മി പാര്‍ട്ടിയുടെ പ്രചാരണം. കൂടുതല്‍ വോട്ടര്‍മാരിലേക്ക് എത്താനുള്ള പ്രചാരണപരിപാടികളാണ് എല്ലാ പാര്‍ട്ടികളും നടത്തുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം മൂന്ന് റാലികളില്‍ പ്രസംഗിച്ചു. ഒ.ബി.സി. വിഭാഗങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള സുരേന്ദ്രനഗര്‍, ആദിവാസി വിഭാഗങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള നവ്‌സാരി, ബറൂച്ച് എന്നിവിടങ്ങളിലാണ് തിങ്കളാഴ്ച മോദി എത്തിയത്. പ്രധാനമന്ത്രിക്ക് പുറമേ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ സംസ്ഥാനത്ത് പ്രചാരണത്തിലുണ്ട്. അമിത് ഷായും ജെ.പി. നദ്ദയും ചൊവ്വാഴ്ച നാല് റാലികളില്‍ പങ്കെടുക്കുമെന്ന് ബി.ജെ.പി. വ്യക്തമാക്കി.