മുൻ എംഎൽഎ വി.എസ് പാട്ടീൽ ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്നു

ബംഗളൂരു: ഉത്തരകന്നഡയിലെ യെല്ലാപൂർ മണ്ഡലത്തിൽനിന്നുള്ള മുൻ എംഎൽഎ വി.എസ്. പാട്ടീൽ, ജില്ല നേതാവ് ശ്രീനിവാസ് എന്നിവർ ബിജെപി വിട്ട് കോൺഗ്രസിലേക്ക് ചേർന്നു. ഇന്നലെ ബംഗളൂരു ക്യൂൻസ് റോഡിലെ കെപിസിസി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കെപിസിസി പ്രസിഡന്റ് ഡി.കെ. ശിവകുമാർ, പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ എന്നിവർ ചേർന്ന് പാർട്ടി പതാക പാട്ടീലിന് കൈമാറി. വി.എസ്. പാട്ടീലിന്റെ വരവ് ഉത്തര കന്നഡയിൽ കോൺഗ്രസിനെ ശക്തിപ്പെടുത്തിയതായി ശിവകുമാർ പറഞ്ഞു.
യെല്ലാപൂർ കോൺഗ്രസ് എംഎൽഎയായിരുന്ന ശിവറാം ഹെബ്ബാർ ഓപ്പറേഷൻ താമരയിൽ ബി.ജെ.പിയിലേക്ക് ചേക്കേറിയിരുന്നു. പിന്നീട് നടന്ന ഉപതെരഞ്ഞെടുപ്പിൽ ശിവറാം ഹെബ്ബാർ വിജയിക്കുകയും സംസ്ഥാന തൊഴിൽ മന്ത്രിയാവുകയും ചെയ്തു.അടുത്ത വർഷം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ശിവറാം ഹെബ്ബാറിനെതിരെ വി.എസ്. പാട്ടീലിനെ സ്ഥാനാർഥിയാക്കാനാണ് കോൺഗ്രസിന്റെ നീക്കം.
നേരത്തെ ബിജെപി ടിക്കറ്റിൽ യെല്ലാപൂരിൽനിന്ന് വിജയിച്ച പാട്ടീൽ 2013ലും 2018 ലും ശിവറാം ഹെബ്ബാറിനോട് തോറ്റു. പിന്നീട് ഹെബ്ബാർ കളം മാറി ബി.ജെ.പിയിലെത്തിയപ്പോൾ പാട്ടീലിന്റെ സീറ്റ് നഷ്ടപ്പെടുകയായിരുന്നു.