രാജസ്ഥാന്‍ കോൺഗ്രസിൽ പൊട്ടിത്തെറി

രാജ്യസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ രാജസ്ഥാൻ കോൺഗ്രസിൽ തമ്മിലടി രൂക്ഷം. മന്ത്രിസ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കായിക–- യുവജനക്ഷേമ മന്ത്രി അശോക് ചന്ദ്‌ന രംഗത്തുവന്നു. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി കുൽദീപ് രങ്കയുടെ ഇടപെടലുകളിൽ പ്രതിഷേധിച്ചാണ് പൊട്ടിത്തെറി.
നാണംകെട്ട മന്ത്രിപദവിയിൽനിന്ന് ഒഴിവാക്കി തരണമെന്ന് ആവശ്യപ്പെട്ട് വ്യാഴാഴ്‌ച രാത്രി അദ്ദേഹം ട്വീറ്റുചെയ്തു. യൂത്ത് കോൺഗ്രസ് പ്രസിഡന്റും എംഎൽഎയുമായ ഗണേഷ് ഗോഗ്‌ര രാജിവച്ചതിന് പിന്നാലെയാണ് മന്ത്രിയുടെ പരസ്യ പ്രതിഷേധം. ചന്ദ്‌നയുടെ പ്രതികരണം ഗൗരവത്തിലെടുക്കേണ്ടതില്ലെന്നാണ് മുഖ്യമന്ത്രി ഗെലോട്ട് പ്രതികരിച്ചത്.
പല ഭരണകക്ഷി എംഎൽഎമാരും പരസ്യമായി മുഖ്യമന്ത്രിക്കെതിരെ രംഗത്തുവന്നിരുന്നെങ്കിലും ഒരു മന്ത്രിതന്നെ വിമതസ്വരം ഉയർത്തിയത് ആദ്യം. ഭരണകക്ഷി എംഎൽഎയായിട്ടും സർക്കാരിൽനിന്ന് അവഗണന നേരിടുന്നുവെന്ന് ആരോപിച്ചാണ് ആദിവാസി നേതാവ് കൂടിയായ ഗണേഷ് ഗോഗ്‌ര രാജിവച്ചത്. ദിവ്യ മദേർന, രാജേന്ദ്രസിങ് ബിദൂരി, സാന്യം ലോധ എന്നീ ഭരണകക്ഷി എംഎൽഎമാരും പരസ്യനിലപാടെടുത്തിരുന്നു.