ബിലാസ്പുർ എയിംസ് പ്രധാനമന്ത്രി രാഷ്ട്രത്തിനു സമർപ്പിച്ചു

സിംല: 1690 കോടിയിലധികം രൂപ ചെലവിൽ ദേശീയപാത-105ൽ പിഞ്ചോർമുതൽ നലഗഢ്‌വരെ 31 കിലോമീറ്റർ ദൈർഘ്യമുള്ള ദേശീയപാത നാലുവരിയാക്കുന്നതിനുള്ള പദ്ധതിക്കു പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ടു. ബിലാസ്പുർ എയിംസും പ്രധാനമന്ത്രി രാഷ്ട്രത്തിനു സമർപ്പിച്ചു. 350 കോടി രൂപ ചെലവിൽ നലഗഢിൽ നിർമിക്കുന്ന മെഡിക്കൽ ഉപകരണ പാർക്കിന്റെ ശിലാസ്ഥാപനവും പ്രധാനമന്ത്രി നിർവഹിച്ചു. ബന്ദ്‌ലയിലെ ഗവണ്മെന്റ് ഹൈഡ്രോ എൻജിനിയറിങ് കോളേജിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിച്ചു.
സമ്മേളനത്തെ അഭിസംബോധന ചെയ്യവേ, വിജയദശമിയുടെ ശുഭവേളയിൽ എല്ലാവർക്കും പ്രധാനമന്ത്രി ആശംസകൾ നേർന്നു. എല്ലാ പ്രതിബന്ധങ്ങളെയും തരണംചെയ്യാൻ പ്രതിജ്ഞയെടുക്കുന്ന ‘പഞ്ചപ്രാണി’ന്റെ പാതയിലൂടെ സഞ്ചരിക്കാൻ ഈ മഹോത്സവം എല്ലാവർക്കും പുതിയ ഊർജം നൽകുമെന്ന് അദ്ദേഹം പറഞ്ഞു. വിജയദശമിക്കു ഹിമാചലിൽ എത്താനുള്ള ഭാഗ്യം ഭാവിയിലെ ഓരോ വിജയത്തിനും ശുഭപ്രതീക്ഷ നൽകുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
ആരോഗ്യത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും രൂപത്തിൽ ഇരട്ടിസമ്മാനമാണു ബിലാസ്പുരിനു ലഭിച്ചിരിക്കുന്നതെന്നു പ്രധാനമന്ത്രി പറഞ്ഞു. കുളു ദസറയിൽ പങ്കെടുക്കാൻ അവസരം ലഭിച്ചതിൽ നന്ദിരേഖപ്പെടുത്തിയ അദ്ദേഹം രാജ്യത്തിന്റെ ക്ഷേമത്തിനായി രഘുനാഥഭഗവാനോടു പ്രാർഥിക്കുമെന്നും പറഞ്ഞു. താനും സഹപ്രവർത്തകരും ഈ പ്രദേശത്തു ജോലിചെയ്യുകയും താമസിക്കുകയുംചെയ്തിരുന്ന പഴയകാലത്തെക്കുറിച്ചു പ്രധാനമന്ത്രി അനുസ്മരിച്ചു. ഹിമാചൽ പ്രദേശിന്റെ വികസനയാത്രയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ ഭാഗ്യവാനാണെന്നും അദ്ദേഹം പറഞ്ഞു.