പഞ്ചാബിൽ ആം ആദ്മിയുടെ തണലില്‍ ദേശവിരുദ്ധ ശക്തികള്‍ വളരുന്നു: അമരീന്ദര്‍ സിംഗ്

അമൃത്സര്‍: ആം ആദ്മിക്കെതിരെ രൂക്ഷ വിമർശനവുമായി പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്. അമൃത്സറില്‍ ശിവസേന നേതാവ് സുധീര്‍ സൂരിയെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ സംസ്ഥാനം ഭരിക്കുന്ന ആം ആദ്മി പാര്‍ട്ടിയുടെ മൗനത്തെ അദ്ദേഹം ശക്തമായി വിമര്‍ശിച്ചു.
സംസ്ഥാനത്ത് നടക്കുന്ന കൊലപാതകങ്ങളും അക്രമങ്ങളും എണ്‍പതുകളില്‍ ഖാലിസ്ഥാന്‍ തീവ്രവാദികള്‍ നടത്തിയ കലാപങ്ങള്‍ക്ക് തുല്യമാണ്. ഇത് അവസാനിപ്പക്കണമെന്ന് സര്‍ക്കാരിന് അദ്ദേഹം താക്കീത് നല്‍കി. 1980-കളിലെ ഇരുണ്ട യുഗത്തിന്റെ തിരിച്ചുവരവാണ് ഇന്ന് പഞ്ചാബില്‍ സംഭവിക്കുന്നതെന്ന് അമരീന്ദര്‍ സിംഗ് ചൂണ്ടിക്കാട്ടി.
പഞ്ചാബില്‍ ഇപ്പോൾ നടക്കുന്നത് ദേശവിരുദ്ധ ശക്തികളുടെ അഴിഞ്ഞാട്ടമാണ്. അമൃത്സറില്‍ ശിവസേന നേതാവ് സുധീര്‍ സൂരി കൊല്ലപ്പെട്ട് 24 മണിക്കൂര്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിക്കാന്‍ സംസ്ഥാനം ഭരിക്കുന്ന ആം ആദ്മി പാര്‍ട്ടിക്ക് സാധിച്ചിട്ടില്ല. സംസ്ഥാനത്തെ എഎപി സര്‍ക്കാരിന്റെ സമ്ബൂര്‍ണ പരാജയത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. ഭയാനകമായ സാഹചര്യം കൈകാര്യം ചെയ്യാന്‍ എഎപി സര്‍ക്കാര്‍ തയ്യാറാകാത്തത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. സര്‍ക്കാരിന്റെ ബലഹീനതകളും കുറവുകളും ദേശവിരുദ്ധ ശക്തികള്‍ മുതലെടുക്കുകയാണ്.
ആം ആദ്മി പാര്‍ട്ടി ഭരണത്തിലെത്തിയതിന് പിന്നാലെ ഖാലിസ്ഥാന്‍ പ്രവര്‍ത്തനം വര്‍ദ്ധിച്ചിട്ടുണ്ടെന്നും അമരീന്ദര്‍ സിംഗ് ചൂണ്ടിക്കാണിച്ചു. വെള്ളിയാഴ്ചയാണ് അമൃത്സറില്‍ ശിവസേനാ നേതാവ് സുധീര്‍ സൂരിയെ വെടിവെച്ച് കൊലപ്പെടുത്തിയത്.