അടുത്ത പാർലമെന്റ് സമ്മേളനത്തിൽ രാജ്യദ്രോഹക്കുറ്റ നിയമ ഭേദഗതി കൊണ്ട് വന്നേക്കാം

ഡൽഹി: രാജ്യദ്രോഹക്കുറ്റം ചുമത്താൻ വ്യവസ്ഥ ചെയ്യുന്ന വകുപ്പിൽ അടുത്ത പാർലമെന്റ് സമ്മേളനത്തിൽ ഭേദഗതി കൊണ്ടു വന്നേക്കും. ഇത് സംബന്ധിച്ച് ഇന്നലെ സുപ്രീംകോടതിയിൽ അറ്റോർണി ജനറൽ എം. വെങ്കട്ടരമണി സൂചന നൽകി. രാജ്യദ്രോഹക്കുറ്റം ചുമത്താൻ അധികാരം നൽകുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 124 എ വകുപ്പ് നീക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ ചീഫ് ജസ്റ്റിസ് യു.യു. ലളിത്, ജസ്റ്റിസ് രവീന്ദ്ര ഭട്ട്, ജസ്റ്റിസ് ബേല എം. ത്രിവേദി എന്നിവരടങ്ങിയ ബെഞ്ച് പരിഗണിക്കവെയാണ് സുപ്രീംകോടതിയിൽ ഇത് സംബന്ധിച്ച സൂചന നൽകിയത്.
ചില ക്രിമിനൽ നിയമങ്ങളിൽ മാറ്റം കൊണ്ടു വരാൻ കേന്ദ്രസർക്കാർ പുന:പരിശോധന നടത്തുകയാണ്. പാർലമെന്റിന്റെ അടുത്ത സമ്മേളനത്തിൽ ഇതുമായി ബന്ധപ്പെട്ട ചിലത് സംഭവിക്കും. അതനുസരിച്ച് ഉചിതമായ നടപടികൾ സ്വീകരിക്കുന്നതിന് കേന്ദ്ര സർക്കാരിന് കൂടുതൽ സമയം അനുവദിക്കണം. അറ്റോർണി ജനറൽ സുപ്രീംകോടതിയെ അറിയിച്ചു.