NewMETV logo

സ്ത്രീകൾക്ക് തടസങ്ങളില്ലാതെ എല്ലാ മേഖലയിലും കടന്നുവരാനാകണം: മന്ത്രി സജി ചെറിയാൻ

 
16

ഓരോ വനിതാദിനവും ആഹ്വാനങ്ങളിലും കടലാസുകളിലും ഭംഗിയുള്ള പോസ്റ്ററുകളിലും ഒതുങ്ങിയാൽപ്പോരെന്നും രാഷ്ട്രീയ അധികാര കേന്ദ്രങ്ങളിലും നിയമ നിർമാണ മേഖലകളിലും കലാസാംസ്‌കാരിക രംഗങ്ങളിലും പൊതു ഇടപെടലുകളിലും സ്ത്രീകൾക്കു തടസമില്ലാതെ കടന്നുവരാൻ കഴിയുന്ന സാഹചര്യം സൃഷ്ടിക്കപ്പെടണമെന്നും സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. സംസ്‌കാരിക വകുപ്പിന്റെ സമം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച വനിതാ ദിനാഘോഷ ചടങ്ങിൽ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി.

നൂതന ആശയങ്ങളിലൂടെ സ്ത്രീ സമൂഹത്തെ മുന്നോട്ടു നയിക്കാൻ സർക്കാർ വിവിധ പദ്ധതികൾ ആവിഷ്‌കരിച്ചു നടപ്പാക്കുകയാണെന്നും ഇതിന്റെ മറ്റൊരു മുഖമാണു ‘സമം’ പദ്ധതിയെന്നും മന്ത്രി പറഞ്ഞു. സ്ത്രീതുല്യ പങ്കാളിത്തം ഉറപ്പാക്കാൻ കഴിയുന്ന സാംസ്‌കാരിക ബോധവ്തകരണ പദ്ധതിയായ ‘സമം’ രാജ്യത്തിനുതന്നെ മാതൃകയായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

സമം പദ്ധതിയുടെ അംബാസിഡർ കെ.എസ്. ചിത്ര, കാസർകോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി, സാക്ഷരതാ മിഷൻ കലോത്സവ പ്രതിഭ താമരാക്ഷിയമ്മ, സിനിമ താരം ശാന്തി കൃഷ്ണ, രാജീവ്ഗാന്ധി ഖേൽരത്ന പുരസ്‌കാര ജേതാവ് കെ.എം. ബീനമോൾ, എഴുത്തുകാരിയും സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവുമായ ചന്ദ്രമതി, ഡോ. ലിസ്ബ യേശുദാസ്, പ്രായത്തിന്റെ വെല്ലുവിളികളെ അതിജീവിച്ച് പ്ലസ്ടു പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ എസ്. അനിതകുമാരി എന്നിവർ ചേർന്നു പരിപാടി ഉദ്ഘാടനം ചെയ്തു. ഗതാഗത മന്ത്രി ആന്റണി രാജു മുഖ്യാതിഥിയായി പങ്കെടുത്തു.

ചലച്ചിത്ര മേഖലയിലെ സ്ത്രീ സാന്നിധ്യം വർധിപ്പിക്കാനായി സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച വനിതാ സംവിധായകർക്കായുള്ള ചലച്ചിത്ര നിർമാണ പദ്ധതി പ്രകാരം കെ.എസ്.എഫ്.ഡി.സി. നിർമിച്ച് ജെ. ശിവരഞ്ജിനി സംവിധാനം ചെയ്യുന്ന വിക്ടോറിയ എന്ന ചിത്രത്തിന്റെ നിർമാണോദ്ഘാടനം ചടങ്ങിൽ സാംസ്‌കാരിക വകുപ്പ് മന്ത്രി നിർവഹിച്ചു. ഗാനാവതരണം, നാടകം, സന്തോഷ് കീഴാറ്റൂരിന്റെ പെൺ നടൻ എന്ന ഏകാംഗ നാടകം, ജസ്റ്റിസ് ഫാത്തിമ ബീവിയെക്കുറിച്ചുള്ള ഡോക്യുമെന്ററി പ്രദർശനം, ആർ. പാർവതീദേവി മോഡറേറ്റ് ചെയ്ത സമത്വവും സാമൂഹിക നീതിയും എന്ന ഓപ്പൺ ഫോറവും പരിപാടിയുടെ ഭാഗമായി നടന്നു.

From around the web

Pravasi
Trending Videos