NewMETV logo

നാടൻകലകളുടെ ആർത്തിരമ്പലിൽ നാടിന് ഉണർവേകി വൈപ്പിൻ ഫോക്ക്‌ലോർ ഫെസ്റ്റിന് തിരശീലവീണു

 
46

വൈപ്പിൻ: മഹാമാരിയുടെ വിഷാദത്തിനിടെ നാടിനു സമാശ്വാസവും ഉണർവ്വുമായി 31 പകലിരവുകളിൽ താള ലയ മേളങ്ങളുടെ ആനന്ദത്തിമിർപ്പ് സമ്മാനിച്ച വൈപ്പിൻ ഫോക്ക്‌ലോർ ഫെസ്റ്റി – വി എഫ് എഫ് – 21നു തിരശീല വീണു. നാടൻ കലകൾ ആർത്തിരമ്പിയാണ് സാംസ്‌കാരിക മാമാങ്കത്തിന് വളപ്പ് ബീച്ചിൽ സമാപനമായത്.

മഹാമാരിയുടെ കഷ്ടതയിലായ മനുഷ്യമനസുകളെ പ്രതീക്ഷയുടെ പുതുവർഷത്തിലേക്ക് സ്വാഗതം ചെയ്യുക, മഹാമാരി ബുദ്ധിമുട്ടിലാക്കിയ ടൂറിസത്തെയും ഫോക്ക്‌ലോർ കലകളെയും കലാകാരൻമാരെയും സഹായിക്കുക, വൈപ്പിൻ മേഖലയെ കേരളത്തിൻ്റെ ഫോക്ക്‌ലോർ കലകളെ പ്രദർശിപ്പിക്കുന്ന സാംസ്ക്കാരിക ടൂറിസത്തിൻ്റെ കേന്ദ്രമാക്കുക, പ്രാദേശിക കലാകാരൻമാർക്ക് കലാവതരണത്തിന് അവസരം ഒരുക്കുക, കാർഷിക മേഖലയിൽ സാമ്പത്തിക ഉണർവ്വ് പകരുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎ ഫെസ്റ്റ് ആവിഷ്‌കരിച്ചത്.

ടൂറിസം, സാംസ്ക്കാരിക, സഹകരണ , പുരാവസ്‌തു വകുപ്പുകളുടെയും ഫോക്ക് ലോർ – ചലച്ചിത്ര – ലളിതകല, സംഗീത നാടക അക്കാദമികളുടെയും കൊച്ചിൻ ഷിപ്‌യാർഡ് ലിമിറ്റഡ്, ഡിടിപിസി, സംസ്ഥാന യുവജനക്ഷേമ ബോർഡ്, ചെറായി സഹോദരൻ സ്‌മാരകം, കാലടി ശ്രീശങ്കര സംസ്‌കൃത സർവകലാശാല, കുടുംബശ്രീ, വൈപ്പിനിലെ റെസിഡന്റ്‌സ് അസോസിയേഷനുകളുടെ അപെക്സ് ബോഡിയായ ഫ്രാഗ്, ഗ്രെയ്റ്റർ കൊച്ചി കൾച്ചറൽ – സ്പോർട്ട്സ് ഫോറം, കരുനാളായ സ്‌പെഷ്യൽ സ്‌കൂൾ എന്നിവയുടെയും സഹകരണത്തോടെ ഒരുമാസത്തെ തനത് ജനകീയാഘോഷം സാക്ഷാത്കരിച്ചു.

ഡിസംബർ ഒന്നിന് ഫോക്ക്‌ലോർ അന്തഃസത്തയും നാടിന്റെ തനത് ചരിത്ര പൈതൃകവും സവിഷേതകളും പ്രമേയമാക്കി പുതുവൈപ്പ് മുതൽ ചെറായി വരെ ചുമരുകളിൽ ചിത്രങ്ങൾ ആലേഖനം – ഗ്രാഫിറ്റി ചെയ്‌തുകൊണ്ടാരംഭിച്ച വി വി എഫ് -21ൽ നവോത്ഥാന ഗ്രാഫിറ്റി രചനയും നടന്നു.

തുടർന്ന് കാർഷിക നവോത്ഥാന പദ്ധതി സെമിനാർ, നാടൻ -ഗോത്ര – പാരമ്പര്യ- അനുഷ്‌ഠാന വിഭാഗങ്ങളിലെ ഉൾപ്പെടെ വിവിധ കലാഘോങ്ങൾ, ഗസൽ സന്ധ്യ, സാംസ്‌കാരിക ഘോഷയാത്ര, സമ്മേളനങ്ങൾ, ദുരിതബാധിതർക്ക് സഹായ വിതരണം, സഞ്ചരിക്കുന്ന ചിത്രശാല പര്യടനം, ഭക്ഷ്യമേളകൾ, വാക്കത്തോൺ, ബീച്ച് ശുചീകരണം, നൂറ്റിയൊന്ന് സാന്താക്ളോസുമാരുടെ ബീച്ച് യാത്ര, ക്രിസ്‌മസ്‌ രാവിൽ ബാൻഡ്മേളം, സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷം, 75 കവികൾ വിവിധ ഭാഷകളിൽ ദേശഭക്തി കവിതാലാപനം നടത്തിയ ഭാരത വന്ദനം, ബീച്ച് ഗുസ്‌തി, അമ്യൂസ്‌മെന്റ് കേന്ദ്രവും വിപണനമേളയും, ഫോക്ക്‌ലോർ ഫിലിം ഫെസ്റ്റ്, പട്ടംപറത്തൽ വർക്ക്‌ഷോപ്പ്, പുരാരേഖാ പ്രദർശനം എന്നിവയെല്ലാം ഫെസ്റ്റിൽ ഇടംപിടിച്ചു.

അൻപതിൽപരം കലാ സാംസ്‌കാരിക പ്രകടനങ്ങളിലൂടെ അഞ്ഞൂറിൽപ്പരം കലാകാരന്മാർ വി എഫ് എഫിന്റെ ഭാഗമായി. പുറമെ, മത സമുദായിക സാമൂഹിക സംഘടനകളും. ഘോഷയാത്രയിലെ ആദ്യ മൂന്നു സ്ഥാനക്കാർക്ക് ഒരുലക്ഷം, അരലക്ഷം, കാൽലക്ഷം രൂപവീതമുള്ള പുരസ്‌കാരങ്ങൾ കോൺഗ്രസിന്റെ മുൻ സംസ്ഥാന നേതാവ് അഡ്വ. എം വി പോൾ സ്‌മാരകമായി അദ്ദേഹത്തിന്റെ കുടുംബം ഏർപ്പെടുത്തിയതാണ്.വി വി എഫ് സ്ഥിരം സംവിധാനമാക്കാൻ പദ്ധതി ആവിഷ്‌കരിക്കുമെന്ന് കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎ പറഞ്ഞു.

From around the web

Pravasi
Trending Videos